മീഡിയവൺ കേസിലെ വിധി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നത്: കെ.സുധാകരൻ

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്.

Update: 2023-04-05 14:39 GMT

K. Sudhakaran

Advertising

തിരുവനന്തപുരം: ഏകാധിപത്യ ശൈലിയിലേക്ക് നീങ്ങുന്ന രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയാണ് മീഡിയവൺ കേസിൽ സുപ്രിംകോടതിയുടേതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നവർക്കുള്ള കനത്ത താക്കീതാണിത്. സ്തുതി പാടൽ അല്ല, എതിരഭിപ്രായം ഉറക്കെ വിളിച്ചു പറയലാണ് മാധ്യമ പ്രവർത്തനമെന്ന് വിധി അരക്കിട്ട് ഉറപ്പിക്കുന്നു. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്ന എല്ലാവർക്കും പ്രതീക്ഷ നൽകുന്നതാണ് പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധിയെന്നും അദ്ദേഹം പറഞ്ഞു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News