ഇടക്കാല ഉത്തരവ് തുടരും; മീഡിയവൺ സംപ്രേഷണവിലക്കിൽ വിധി നാളെ
നാളെ 10.15ന് തുറന്ന കോടതിയിൽ വിധി പറയും
മീഡിയവൺ സംപ്രേഷണവിലക്കിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയിൽ കേസിൽ വിധി പറയും. ജസ്റ്റിസ് എൻ. നഗരേഷാണ് വിധി പറയുന്നത്.
മീഡിയവണ്ണിനു വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാറാണ് കേസിൽ ആദ്യം വാദമുന്നയിച്ചത്. നടപടി നിയമവിരുദ്ധമാണ്. ലൈസൻസ് നേരത്തെ നൽകിയതാണ്. അതു പുതുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ കേന്ദ്രസർക്കാർ നിരസിച്ചത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മീഡിയവൺ മുന്നോട്ടുപോയത്. എന്നാൽ, ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സുപ്രിംകോടതി വിധികളുടെ ലംഘനമാണെന്നും എസ്. ശ്രീകുമാർ ചൂണ്ടിക്കാട്ടി.
കേസിൽ കക്ഷിചേർന്ന മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും കേരള പത്രപ്രവർത്തക യൂനിയനും വേണ്ടി ഹാജരായ അഡ്വ. ജൈജു ബാബുവും വിശദമായ വാദം നടത്തി. ഈ കേസിൽ നിലവിൽ മാധ്യമസ്വാതന്ത്ര്യം എന്ന വിഷയം നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി തൊഴിലാളികളുടെ ജീവിതപ്രശ്‌നവും അഭിഭാഷകൻ ഉന്നയിച്ചു.
ജീവനക്കാർക്കും യൂനിയനും കേന്ദ്രനടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഇത് കമ്പനിയും സർക്കാരും തമ്മിലുള്ള പ്രശ്‌നമാണ്. അവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തൊഴിലുടമയെയാണ് സമീപിക്കേണ്ടത്. ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവാനന്തമായി കാണാനാവില്ല. സുരക്ഷാ വിഷയങ്ങളിൽ കാലാനുസൃതമായ പരിശോധനയുണ്ടാകും. അത്തരത്തിലുള്ള പരിശോധനയാണ് ഇപ്പോൾ നടന്നതെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
വിലക്കില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍
മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ പ്രതിഷേധവുമായി ദേശീയ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധിർരഞ്ജൻ ചൗധരി, എൻസിപി കക്ഷിനേതാവ് സുപ്രിയാ സുലെ, തൃണമൂൽ നേതാവ് മഹുവാ മൊയ്ത്ര, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയ ദേശീയ പ്രതിപക്ഷത്തിലെ നേതൃനിര മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തി. പാർലമെൻറ് ഐടി സമിതി വാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണവും തേടി.
മീഡിയവണിനെതിരായ കേന്ദ്ര നടപടി ഞെട്ടിച്ചെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടപടിയെന്ന് എൻസിപി ലോക്‌സഭാ കക്ഷിനേതാവ് സുപ്രിയാ സുലെയും മാധ്യമങ്ങളുടെ വായമൂടിക്കെട്ടരുതെന്ന് ഡിഎംകെ എം പി കനിമൊഴിയും പറഞ്ഞു.
കേന്ദ്രനടപടിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കിൽ നമ്മളെല്ലാം മരിച്ചതിന് തുല്യമാണെന്ന് തൃണമൂൽ എംപി മഹുവാ മൊയിത്ര ട്വീറ്റ് ചെയ്തു. ബിഎസ്‍പി നേതാവ് കുൻവർ ഡാനിഷ് അലിയും മീഡിയവണിനായി രംഗത്തുവന്നു. കേരളത്തിൽ നിന്നുള്ള എംപിമാരും ദേശീയ നേതാക്കളും മീഡിയവൺ വിലക്കിനെതിരായ ശബ്ദം പാർലമെൻറിൽ മുഴക്കി
പാർലമെൻറ് ഐടി സമിതി ചെയർമാനായ ശശി തരൂർ വാർത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഈ മാസം 9ന് സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മീഡിയവൺ വിലക്കിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അധിർരഞ്ജൻ ചൗധരിയും ജോൺ ബ്രിട്ടാസും ഹൈബി ഈഡനും വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂറിന് കത്തും അയച്ചു.