തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി: കെ.എം ഷാജി
'പോപുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതി വേണം'
കോഴിക്കോട്: പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടലിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി കെ.എം ഷാജി. തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി. പോപുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതിവേണമെന്നും ഷാജി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും നീതിക്ക് വേണ്ടി ലീഗ് ശബ്ദമുയർത്തുമെന്നും ഷാജി പറഞ്ഞു. 'നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനിക്കേ ഒരു സുപ്രഭാതത്തിൽകയറി സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പതിക്കുന്നത് സാർവത്രികമായ നീതിയാണോ. ആണെങ്കിൽ ഞങ്ങൾ കൂടെനിൽക്കാം'..എല്ലാവർക്കും ഈ നീതിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പോപുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈകോടതി ഇന്ന് പരിഗണിക്കും. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേ ഷം നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർത്താലുമായി ബന്ധപെട്ട് 238 പേർക്കെതിരെയാണ് സംസ്ഥാനത്ത് നടപടി സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ റവന്യു റിക്കവറിക്കിടെ ഉണ്ടായ തർക്കങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടിലുണ്ട്. ഹർത്താലിന് മുമ്പ് കൊല്ലപ്പെട്ട പി.എഫ്.ഐ പ്രവർത്തകൻ സുബൈറിന്റെ പേരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കോടതിയിൽ വിശദീകരണം നൽകേണ്ടിവരും.