ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജീവിതമാണ് തന്‍റെ മാതൃകയെന്ന് ജസ്റ്റിസ് കെ ചന്ദ്രു
അഭിഭാഷകനായി തുടർന്നിരുന്ന തന്നെ ന്യായാധിപനാക്കിയത് കൃഷ്ണയ്യർ ആയിരുന്നുവെന്നും ജസ്റ്റിസ് കെ ചന്ദ്രു
ജനസേവകനാകാന്‍ ഏതു മേഖലയിലുള്ളവർക്കും കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ എന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കെ ചന്ദ്രു. കൂടുതൽ കൃഷ്ണയ്യർമാരെ ആവശ്യപ്പെടുന്ന കാലമാണിതെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. എറണാകുളത്ത് കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതു മേഖലയിലാണെങ്കിലും തൊഴിൽ ഒരു സേവനമാണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വാക്കുകളും ദർശനവുമാണ് തന്റെ ഊർജം. പണമല്ല, ജനസേവനമാണ് പ്രധാനം എന്ന് പഠിപ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ അത് ജീവിതത്തിലൂടെ കാണിച്ചു തന്നു. അഭിഭാഷകനായി തുടർന്നിരുന്ന തന്നെ ന്യായാധിപനാക്കിയത് കൃഷ്ണയ്യർ ആയിരുന്നുവെന്നും ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു.
ജയ് ഭീം സിനിമയിലൂടെ അധസ്ഥിത വിഭാഗത്തിന്റെ ജീവിതത്തെ കുറിച്ച് കൂടുതൽ പേരറിഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഇത്തരം സിനിമകള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായപ്പോഴും ന്യായാധിപനായപ്പോഴും സമൂഹത്തിന് വേണ്ടി തന്നാലാവുന്നത് ചെയ്തുവെന്ന അഭിമാനമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രു കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ റിട്ടയ്ഡ് ജഡ്ജിമാരായ പി കെ ഷംസുദ്ദീന്‍, നാരായണക്കുറുപ്പ്, ജെ ബി കോശി തുടങ്ങിയവര്‍ പങ്കെടുത്തു.