കെ-ഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമർശിച്ചത്: വി.ഡി സതീശൻ
''ഒപ്റ്റിക്കൽ ഫൈബർ ഇന്ത്യൻ നിർമിതം ആയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നിട്ട് ചൈനയിൽ നിന്ന് കേബിൾ വരുത്തി''
തിരുവനന്തപുരം: കെ ഫോൺ പദ്ധതിയെയല്ല അതിന് പിന്നിലെ അഴിമതിയെയാണ് വിമർശിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 60000 പേർക്ക് കണക്ഷൻ കൊടുക്കാനേ ലൈസൻസുള്ളു. പദ്ധതി നടത്തിപ്പിന് ഏൽപ്പിച്ചത് കറക്ക് കമ്പനികളെയാണെന്നും അദ്ദേബം പറഞ്ഞു.
'കെ ഫോൺ പദ്ധതിയുടെ സുപ്രധാന ഘടകമാണ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ അഥവാ ഒ പി ജി ഡബ്ല്യു കേബിളുകൾ. ഒപ്റ്റിക്കൽ ഫൈബർ ഇന്ത്യൻ നിർമിതം ആയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. കേബിളുകൾ ഇന്ത്യയിൽ നിർമ്മിച്ച ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണം , കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മിനിമം 250 കിലോമീറ്റർ കേബിൾ നിർമ്മിച്ച സ്ഥാപനം ആയിരിക്കണം എന്നിവയും വ്യവസ്ഥകളിലുണ്ട്. ഈ ടെൻഡർ പ്രകാരം എൽ എസ് കേബിൾ എന്ന സ്ഥാപനമാണ് കരാർ നേടിയത്'..സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'എന്നാൽ ഈ സ്ഥാപനത്തിന്റെ ഫാക്ടറിയിൽ(ഹരിയാന) കേബിളുകൾ നിർമ്മിക്കാനുള്ള ഒരു സൗകര്യമില്ല. ഇവർ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതിനു ശേഷം എൽ എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ആലേഖനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന കേബിളുകൾ വേണം എന്ന് കരാറിൽ നിഷ്കർഷിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ ചൈനയിൽ നിന്നും ഇത്തരം കേബിളുകൾ ഇറക്കുമതി ചെയ്യുന്നു.എസ്.ആർ.ഐ.ടി.ക്ക് വേണ്ടി ഐഎസ്പി ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തി. ഇത്രയൊക്കെ നടന്നിട്ടും മുഖ്യമന്ത്രി എന്നിട്ടും ന്യായീകരിക്കുകയാണ്'...സതീശൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് 4.5 കോടി ചിലവാക്കിയത് ധൂർത്ത് തന്നെയാണ്.ഒരു മന്ത്രിമാരും അഴിമതിയെ പ്രതിരോധിക്കാൻ വരുന്നില്ല. പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.