മാസപ്പടി വിവാദത്തിൽ അന്വേഷണം നടക്കട്ടെ; കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന ഏർപ്പാട് കോൺഗ്രസിനില്ല: കെ. മുരളീധരൻ
രാഷ്ട്രീയപ്പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്. കയ്യിൽനിന്ന് കാശെടുത്തിട്ടല്ല ആരും പരിപാടി നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു.
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റിന്റെ അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന് കെ. മുരളീധരൻ എം.പി. എല്ലാ രാഷ്ട്രീയക്കാരും സംഭാവന വാങ്ങാറുണ്ട്. കയ്യിൽനിന്ന് കാശ് എടുത്തിട്ടല്ല ആരും പരിപാടി നടത്തുന്നത്. ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയ കമ്പനികളിൽനിന്ന് പണം വാങ്ങരുത്. അല്ലാതെ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
വീണക്ക് നൽകിയ തുക ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നതുകൊണ്ടാണ് യു.ഡി.എഫ് മറുപടി പറയാത്തത്. മുഹമ്മദ് റിയാസിനെതിരെ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണവും പരിശോധിക്കപ്പെടണം. എന്നാൽ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന ഏർപ്പാട് കോൺഗ്രസിനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.