ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുന്നു, ശിവൻകുട്ടിക്ക് പാർട്ടിയാണ് കോവിഡ് നൽകിയത്: കെ മുരളീധരന്‍
'ആരോഗ്യമന്ത്രി എല്ലാ ദിവസവും വന്നു കരയുന്നു. സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ല'
സി.പി.എം സമ്മേളനത്തിന് അനുസരിച്ചാണ് സർക്കാർ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ എം.പി. കാസർകോട് കലക്ടറുടെ ഉത്തരവ് പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുകയാണ്. ആരോഗ്യമന്ത്രി എല്ലാ ദിവസവും വന്നു കരയുന്നു. സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ആരോഗ്യപ്രശ്നമുള്ള വി.ശിവൻകുട്ടിക്ക് പാർട്ടിയാണ് കോവിഡ് നൽകിയത്. ഭരണകക്ഷിക്ക് കൂട്ടം കൂടാം എന്നതാണ് അവസ്ഥ. സി.പി.എം ചൈനാ സ്തുതി നിർത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കെ റെയില്‍ സമരക്കാരെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. സി.പി.എം ഗുണ്ടകളാണ് കണ്ണൂരില്‍ അക്രമം നടത്തിയത്. ഇങ്ങോട്ട് തല്ലുമ്പോൾ കൊള്ളുന്നതല്ല സെമി കേഡർ. ഇങ്ങോട്ട് അടിക്കുമ്പോൾ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. കോൺഗ്രസിൽ ആർക്കും ആരോടും ആരാധനയില്ല. കെ.സുധാകരന് വേണ്ട എന്ന് തോന്നിയതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പിൻവലിച്ചത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.
'സി.പി.എം നേതാക്കൾ രോഗവാഹകരാവുന്നു'
സി.പി.എം സമ്മേളനങ്ങൾ നടത്താനായി കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു. ടി.പി.ആർ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസർകോട്, തൃശൂർ ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയിട്ടില്ല. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയിൽ സി.പി.എം നേതാക്കൾ രോഗവാഹകരാവുകയാണെന്നും സതീശൻ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് അപഹാസ്യമാണ്. മൂന്നാം തരംഗത്തിൽ ആരോഗ്യ വകുപ്പ് പൂർണ നിശ്ചലമാണ്. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആരോഗ്യ സെക്രട്ടറി പ്രവർത്തിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ നിരീക്ഷണത്തിൽ പോവാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിന്ന് കോവിഡ് ബാധിച്ച നേതാക്കൻമാർ മറ്റു ജില്ലകളിൽ പോയി കോവിഡ് പരത്തുകയാണ്. അഞ്ചു പേർ കൂടിയതിന് കോൺഗ്രസ് സമരത്തിനെതിരെ കേസെടുത്ത സർക്കാരാണിത്. സി.പി.എമ്മിനും സാധാരണക്കാർക്കും വ്യത്യസ്ത മാനദണ്ഡമാണ് കോവിഡിന്റെ കാര്യത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.