മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആർഎസ്എസ് നേതാവിന് കെെമാറിയതെന്ന് കെ.മുരളീധരൻ
പൂരം കലങ്ങിയതോടെ മുഴുവൻ വികാരവും ബിജെപിക്ക് അനുകൂലമാക്കിയെന്നും മുരളീധരൻ
തിരുവനന്തപുരം: എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നു അത്.
പൂരം കലങ്ങിയതോടെ മുഴുവൻ വികാരവും ബിജെപിക്ക് അനുകൂലമാക്കി.അതിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചത്. ആർഎസ്എസ് നേതാവിനെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാണാൻ പോകുമ്പോൾ മുഖ്യമന്ത്രിയോ,ഡിജിപിയോ അറിയിക്കേണ്ടതാണ്. സ്വകാര്യ സന്ദർശനമാണെന്നാണ് അജിത് കുമാർ പറയുന്നത്.
എന്നാൽ കൂടിക്കാഴ്ചയിൽ ആർഎസ്എസ് നേതാവുമായി മുഖ്യമന്ത്രിയുടെ സന്ദേശം പങ്കുവെക്കുകയാണ് എഡിജിപി ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. ബിജെപി എം.പി കേരളത്തിലുണ്ടായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്.. വി.ഡി സതീശന്റെ ആരോപണം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു.
എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. 2023 മെയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ നടന്ന ആർഎസ്എസ് ക്യാംപിൽ വച്ച് അജിത്കുമാർ ചർച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തൽ. അജിത്കുമാർ ഔദ്യോഗിക വാഹനം നിർത്തിയിട്ട ഹോട്ടലിന്റെ പേരുൾപ്പെടെ സതീശൻ പുറത്തുവിട്ടിരുന്നു.