സ്വന്തം പാർട്ടിയെ വഞ്ചിച്ചാൽ ഇഹലോകത്തും പരലോകത്തും ഗതി പിടിക്കില്ലെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്: കെ. മുരളീധരന്‍
കേരളത്തില്‍ ബിജെപി ടിക്കറ്റിൽ അനിൽ ആന്റണിക്ക് എംഎൽഎയോ,എം പിയോ ആകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള അമ്മ എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോടു പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സ്വന്തം പാർട്ടിയെ വഞ്ചിച്ചാൽ ഇഹലോകത്തും പരലോകത്തും ഗതി പിടിക്കില്ല എന്നാണ് അമ്മ തന്നെ പഠിപ്പിച്ചതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി ടിക്കറ്റിൽ അനിൽ ആന്റണിക്ക് എംഎൽഎയോ,എം പിയോ ആകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാൽ രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തനിക്ക് പക്വത കുറവാണ് എന്നാണ് എല്ലാവരും പറയാറ്. മറ്റുള്ളവരുടെ പക്വത അളക്കാൻ താൻ നിൽക്കാറില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എ.കെ ആന്റണിയുടെ ഭാര്യ പറഞ്ഞതിനെ പാർട്ടിയും ഗൗരവത്തിൽ എടുക്കുന്നില്ല. അത് പാർട്ടിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല. സതീശൻ സുധാകരൻ വിഷയം ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നും കോൺഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ ന്യായീകരിച്ചാണ് അമ്മ എലിസബത്ത് ആന്റണി രംഗത്തെത്തിയത്. കൃപാസനത്തിലെ ഉടമ്പടി തുണച്ചെന്നും അതിലൂടെ ബി.ജെ.പിയിൽ ചേർന്ന മകനെ ഭർത്താവ് ആന്റണി സൗമ്യമായി സ്വീകരിച്ചെന്നും അവർ പറഞ്ഞു. ആന്റണിക്ക് മകനോട് വൈരാഗ്യമില്ല. ഉടമ്പടിയെടുത്ത് പരിശുദ്ധ മാതാവിന്റെ മുന്നിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ബി.ബി.സി വിവാദം വന്നു മകന് ബി.ജെ.പിയിലേക്കുള്ള അവസരം ലഭിക്കുന്നതും ഭർത്താവിനു രോഗസൗഖ്യവും രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവുമെല്ലാം ഉണ്ടായതെന്നും എലിസബത്ത് പറഞ്ഞു.
ഫാദർ വി.പി ജോസഫിന്റെ കൃപാസനം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അനുഭവസാക്ഷ്യം എന്ന പേരിൽ എലിസബത്തിന്റെ തുറന്നുപറച്ചിൽ. ഉടമ്പടിയിലൂടെയും പ്രാർത്ഥനയിലൂടെയും താൻ മുന്നോട്ടുവച്ച രണ്ടു നിയോഗങ്ങൾ പൂർത്തീകരിച്ചെന്നാണ് അവർ പറയുന്നത്. അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനവും എ.കെ ആന്റണിയുടെ സൗഖ്യത്തിനും രാഷ്ട്രീയത്തിലെ തിരിച്ചുവരവിനുമായുള്ള അപേക്ഷയുമായിരുന്നു വച്ചത്. ഇതെല്ലാം ഫലിച്ചെന്നും കൃപാസനത്തിൽ പോയി ജോസഫ് അച്ചന് കുറിപ്പ് കൊടുത്ത് മാതാവിനു മുന്നിൽ പ്രാർത്ഥിച്ചപ്പോൾ ബി.ജെ.പിയോടുണ്ടായിരുന്ന അറപ്പ് മാറിയെന്നും അവർ പറയുന്നുണ്ട്.