കെ റെയില്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കി
സില്‍വര്‍ലൈന്‍ പാതയ്ക്കെതിരെ സാങ്കേതിക വിമര്‍ശനം ഉന്നയിച്ചവരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ നടത്താനിരിക്കുന്ന സംവാദ പാനലിലാണ് മാറ്റം വരുത്തിയത്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കെ റെയില്‍ സംവാദ പരിപാടിയില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കി. സില്‍വര്‍ലൈന്‍ പാതയ്ക്കെതിരെ സാങ്കേതിക വിമര്‍ശനം ഉന്നയിച്ചവരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ നടത്താനിരിക്കുന്ന സംവാദ പാനലിലാണ് മാറ്റം വരുത്തിയത്.
റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍ (എന്‍ജിനീയറിംഗ്) സുബോധ് കുമാര്‍ ജയിന്‍, റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ഡോ. ആര്‍.വി. ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനായിരിക്കും മോഡറേറ്റര്‍.
കെ റെയിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംവാദമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അലോക് വര്‍മ, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവര്‍ കെ റെയില്‍ വിരുദ്ധ പാനലിലുണ്ടാവുമെന്ന് കെ റെയില്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലെ അതൃപ്തി കാരണമാണ് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതെന്നാണ് സൂചന. ഒഴിവാക്കുന്ന കാര്യം ഇന്നു രാവിലെ വരെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു പറഞ്ഞു.
ഏപ്രിൽ 28ന് രാവിലെ 11 മണിക്കാണ് സംവാദം നടക്കുക. ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി.
Summary- Joseph C Mathew excluded from K rail discussion