കെ-റെയിൽ നിലവിലെ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനാകില്ല: ഇ.ശ്രീധരൻ
'എലവേറ്റഡ് അല്ലെങ്കിൽ ഭൂഗർഭ സെമി ഹൈ സ്പീഡ് പദ്ധതിയാണ് ഞാൻ മുന്നോട് വെച്ചത്. ഡി.എം.ആർ.സിയെ ഏൽപ്പിച്ചാൽ ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയും'
കൊച്ചി: കെ-റെയിൽ പദ്ധതി നിലവിലെ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഇ.ശ്രീധരൻ. എലവേറ്റഡ് അല്ലെങ്കിൽ ഭൂഗർഭ സെമി ഹൈ സ്പീഡ് പദ്ധതിയാണ് താൻ മുന്നോട് വെച്ചത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ട്. ഡി.എം.ആർ.സിയെ ഏൽപ്പിച്ചാൽ ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
സിൽവർ ലൈനിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഒരിടവേളക്കുശേഷം ചൂടുപിടിച്ചിരിക്കെയാണ് സിൽവർ ലൈനിന് ബദലായുള്ള പദ്ധതിയാണ് തന്റേതെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. സിൽവർ ലൈൻ പദ്ധതി നിലവിലെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല. പദ്ധതി ചെലവും ഭൂമി ഏറ്റെടുക്കലും വളരെ കുടുതലാണ്. എന്നാൽ താൻ മുന്നോട്ടുവച്ച പദ്ധതി പ്രകാരം ഇതുരണ്ടും കുറയ്ക്കാനാകും.
പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന് എഴുതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടായിട്ടില്ല. തന്റെ പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്ന് എളുപ്പത്തിൽ അനുമതി കിട്ടാനാണ് സാധ്യതയെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയുടെ ഡിപിആർ ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാൻ ആകും. നിർമ്മാണ ചുമതല ഡിഎംആർസിയെ ഏൽപ്പിച്ചാൽ ആറു വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. എന്നാൽ മറ്റ് ഏജൻസികൾ ആണെങ്കിൽ വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.