"ഞങ്ങളെ കൊന്നിട്ട് ഭൂമി ഏറ്റെടുക്കൂ": കെ റെയിൽ കാരണം ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം
"പ്രവാസ ജീവിതത്തിനിടെ ചെയ്യാത്ത ജോലികളില്ല. തുച്ഛമായ വരുമാനത്തിൽ നിന്ന് പടുത്തുയർത്തിയതാണ് കൊച്ചുവീട്"
കൊല്ലം: കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് കൊല്ലം വഞ്ചിമുക്കിലെ അജയ് കുമാറിനും കുടുംബത്തിനും. നീണ്ട കാലത്തെ പ്രവാസ ജീവിതത്തിലൂടെ സമ്പാദിച്ച വീട് കെ റെയിൽ വന്നാൽ നഷ്ടമാകും. തങ്ങളെ കൊന്നിട്ട് ഭൂമി ഏറ്റെടുക്കൂ എന്നാണ് കുടുംബം പറയുന്നത്.
"എന്‍റെ വസ്തുവും വീടും വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. നഷ്ടപരിഹാരം എനിക്ക് വേണ്ട. എന്‍റെ വീട്ടില്‍ കിടന്ന് സമാധാനമായി ഉറങ്ങണം. അതേ ഉള്ളൂ ആഗ്രഹം. എന്‍റെ വസ്തുവോ വീടോ വിനാശ പദ്ധതിക്ക് കൊടുക്കില്ലെന്ന് തീരുമാനമാണ്. അല്ലെങ്കില്‍ എന്നെ കൊല്ലണം"-
28 വർഷം പ്രവാസ ജീവിതം നയിച്ച വഞ്ചിമുക്ക് രേവതി ഭവനിൽ അജയ് കുമാറിന്റെ വാക്കുകളാണിത്. സൗദി അറേബ്യയിൽ ചെയ്യാത്ത ജോലികളില്ല. തുച്ഛമായ വരുമാനത്തിൽ നിന്ന് പടുത്തുയർത്തിയതാണ് കൊച്ചുവീട്. പ്രായം 60 കടന്നിരിക്കുന്നു. ഇനി അദ്ധ്വാനിക്കാനുള്ള ആരോഗ്യവും ആയുസ്സും ഇല്ല. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് രണ്ട് മുറികൾ കൂട്ടിയെടുക്കണം. കെ റെയിലിൽ ഭൂമി ഉൾപ്പെട്ടതോടെ ഇതിനുവേണ്ട അനുമതി പഞ്ചായത്തിൽ നിന്ന് ലഭിക്കുമോ എന്നറിയില്ല. സർക്കാരിന്റെ വാഗ്ദാനങ്ങൾക്ക് മുന്നിൽ വഞ്ചിതരായി വീട് നഷ്ടപ്പെടുത്താൻ തങ്ങളില്ലെന്ന് കുടുംബം പറയുന്നു.
സർവെ കല്ലിടാൻ ഉദ്യോഗസ്ഥർ എപ്പോൾ എത്തുമെന്ന് അജയ് കുമാറിനും കുടുംബത്തിനും അറിയില്ല. പക്ഷെ ജീവൻ കൊടുത്തും പ്രതിരോധിക്കുമെന്നും അതല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്.