കെ റെയില്‍: സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായാല്‍ 15 മാസത്തിനകം സ്ഥലമേറ്റെടുക്കും
60,000 കോടി രൂപക്ക് മുകളിലുള്ള പദ്ധതിക്കായി എഡിബിയടക്കമുള്ള വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുകയാണ്
കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായാല്‍ 15 മാസത്തിനകം സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് പഠന വിധേയമാക്കും. 60,000 കോടി രൂപക്ക് മുകളിലുള്ള പദ്ധതിക്കായി എഡിബിയടക്കമുള്ള വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുകയാണ്.
മൂന്നു മാസത്തിനകം സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പദ്ധതിക്കായി എത്ര പേരെ കുടിയൊഴിപ്പിക്കണം, എത്ര വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റണം, സാമൂഹിക ആഘാതം ലഘൂകരിക്കാനുള്ള നടപടികള്‍- ഇതെല്ലാം റിപ്പോര്‍ട്ടില്‍ വേണം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ സില്‍വല്‍ ലൈന്‍. 11 ജില്ലകളിലെ 178 വില്ലേജുകളിലൂടെ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ചീറിപായും. 10 സ്റ്റേഷനുകള്‍. തിരുവനന്തപുരത്തു നിന്ന് കയറിയാല്‍ 4 മണിക്കൂര്‍ കൊണ്ട് കാസര്‍കോടെത്തും. പക്ഷേ പദ്ധതിക്കായി കുടിയൊഴിയേണ്ടി വരുന്നത് 20,000ത്തിലധികം കുടുംബങ്ങളാണ്.
ആഗസ്റ്റ് 18ലെ ഉത്തരവ് പ്രകാരം 955.13 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുമെന്നായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30ലെ ഉത്തരവില്‍ ഇത് ഉയര്‍ന്ന് 1221 ഹെക്ടറായി. സര്‍വേ തുടങ്ങിയപ്പോള്‍ തന്നെ പദ്ധതിക്കെതിരെ പലയിടത്തും പ്രതിഷേധവും തുടങ്ങി. പ്രാദേശിക പ്രതിഷേധങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായ എതിര്‍പ്പും മറികടന്നുവേണം സില്‍വര്‍ ലൈനുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടത്.