കെ.റെയിൽ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും സർവെ നടന്നില്ല; സർക്കാറും പാർട്ടിയും പ്രതിസന്ധിയിൽ
പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നീക്കാനുള്ള ശ്രമവും സ്വന്തം മുന്നണിക്കുള്ളിൽ നിന്ന് പോലും വിമർശനം വരുത്തി വെച്ചു
കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കെ റയിൽ സർവേ തടസപ്പെട്ടതോടെ സർക്കാരും പാർട്ടിയും പ്രതിസന്ധിയിൽ. കെ റയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിശദീകരണ യോഗങ്ങളും വീട് കയറിയുള്ള ബോധവൽക്കരണ പരിപാടികളും വേണ്ടത്ര ഗുണം ചെയ്തില്ലന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.
സി.പി.എമ്മിന് നിർണായക സ്വാധീനമുള്ള കണ്ണൂരിൽ കെ റയിൽ സർവേ സുഗമമായി നടക്കുമെന്നായിരുന്നു സർക്കാരിന്റെയും പാർട്ടിയുടെയും കണക്കു കൂട്ടൽ. അതുകൊണ്ടാണ് സർവേയുടെ തുടക്കം കണ്ണൂർ ജില്ലയിൽ നിശ്ചയിച്ചതും. പക്ഷെ, സർവേ തുടങ്ങിയതോടെ ആ കണക്കു കൂട്ടലുകൾ തെറ്റി. സർവേ തുടങ്ങിയ അന്ന് തന്നെ പ്രതിഷേധവും തുടങ്ങി.
പ്രതിഷേധത്തിന് നേതൃത്വവുമായി കെ.പി.സി.സി പ്രസിഡന്റ് തന്നെ രംഗത്ത് എത്തി. അതോടെ പ്രതിഷേധക്കരെ പ്രതിരോധിക്കാൻ സി.പി.എം പാർട്ടി പ്രവർത്തകരെ രംഗത്ത് ഇറക്കി. അതും പക്ഷെ പാർട്ടിക്കും സർക്കാരിനും തിരിച്ചടിയായി. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നീക്കാനുള്ള ശ്രമവും സ്വന്തം മുന്നണിക്കുള്ളിൽ നിന്ന് പോലും വിമർശനം വരുത്തി വെച്ചു.
ദിവസവും ചെല്ലും തോറും കെ.റയിൽ സർവെക്ക് എതിരായ പ്രതിഷേധം ശക്തി പ്രാപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും അതിന് മാറ്റമുണ്ടായില്ല. ധർമ്മടം പഞ്ചായത്തിൽ ഒരു സർവേ കല്ല് പോലും സ്ഥാപിക്കാനാകാതെ ഉദ്യോഗസ്ഥർക്ക് മടങ്ങണ്ടിയും വന്നു. തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർവേ മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റാനാണ് കെ റയിൽ അധികൃതരുടെ തീരുമാനം.പ്രതിഷേധം തുടർന്നാൽ സർവേ പൂർത്തിയാക്കാൻ സർക്കാരിന് മറ്റ് മാർഗങ്ങൾ തേടേണ്ടി വരും.