മാടപ്പള്ളിയിലെ കെ- റെയിൽ വിരുദ്ധസമരം; കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നതല്ലെന്ന് ജിജി ഫിലിപ്പ്
സമരത്തിൽ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ബാലാവകാശ കമ്മീഷൻ ആരോപിച്ചിരുന്നു
കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നതല്ലെന്ന് മാടപ്പള്ളിയിൽ കെ- റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജിജി ഫിലിപ്പ്. അമ്മക്കൊപ്പം നിൽക്കുക എന്നത് കുഞ്ഞിന്റെ അവകാശമാണ്. സ്വന്തം വീട്ടുമുറ്റത്ത് നിന്നപ്പോളാണ് പൊലീസ് അതിക്രമം നടത്തിയത്. ബാലാവകാശ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ജിജി ഫിലിപ്പ് പറഞ്ഞു. സമരത്തില്‍ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ഇന്നലെ ബാലാവകാശ കമ്മീഷന് ആരോപിച്ചിരുന്നു.
കെ-റെയില്‍ കല്ലുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു കോട്ടയം ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ നാട്ടുകാരും പൊലീസും തമ്മിൽ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്. സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.