കെ റെയിൽ, കൂറ്റൻ അഴിമതി സ്വപ്നം കാണുന്ന കേരള രാജാവിന്റെ ആർത്തി മൂത്ത ദുരാഗ്രഹം: പിഎം സാദിഖലി
കെ റെയിലിനെതിരായ പ്രക്ഷോഭത്തിൽ മുസ്‌ലിം ലീഗ് എന്നും ഒന്നാമത് തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ കൂറ്റൻ അഴിമതി സ്വപ്നം കാണുന്ന കേരള രാജാവിന്റെ ആർത്തി മൂത്ത ദുരാഗ്രഹം മാത്രമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള നിശ്ചയദാർഢ്യം കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ളതല്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പിഎം സാദിഖലി. നഷ്ടപരിഹാരം നൽകിയാലും പുനരധിവാസം നടത്തിയാലും ശരികുന്നതല്ല കെ റെയിൽ പദ്ധതിയെന്നും വികസനത്തിന്റെ പേരിൽ കേരളം നടത്തുന്ന വൻ പാപമായി എക്കാലവും അവശേഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ റെയിലിനെതിരായ പ്രക്ഷോഭത്തിൽ മുസ്‌ലിം ലീഗ് എന്നും ഒന്നാമത് തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിനെതിരായ സമരം നഷ്ടപരിഹാരങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ഇത് കേരളത്തെ കൊല്ലാക്കൊല ചെയ്യുന്നതിന് എതിരെയുള്ള ജനകീയ പ്രക്ഷോഭമാണ്. ഇതിന്റെ പേരിൽ ഒരു ചർച്ചക്കും യാതൊരു സ്‌കോപ്പുമില്ല - അദ്ദേഹം കുറിച്ചു. 'കേരള സർക്കാർ കേന്ദ്രത്തിന് മുമ്പിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തന്നെ ഈ പദ്ധതി കേരളത്തെ അടിമുടി അരച്ച് പൊടിച്ചെടുക്കുമെന്നത് വസ്തുതയാണ്. തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള 530.6 കിലോമീറ്റർ പാതയിൽ 293 കിലോമീറ്റർ നിലവിലെ ഭൂമിയിൽ മൺതിട്ടയും ഇരുവശവും അതിർത്തി വേലികളുമുണ്ടാകും. 125 കിലോമീറ്റർ കുന്നുകളും മുറിക്കും. 13 കിലോമീറ്റർ പാലങ്ങളും 11.52 കിലോമീറ്റർ തുരങ്കങ്ങളുമുണ്ടാകും. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ആകെ ചെലവ് 63,940.67 കോടി രൂപയാണ്. ഓരോ വർഷവും അഞ്ച് ശതമാനം, ഏകദേശം 3200 കോടിരൂപ ചെലവ് കൂടും.' ഫേസ്ബുക്ക് കുറിപ്പിൽ പി എം സാദിഖലി ചൂണ്ടിക്കാട്ടി.