മുല്ലപ്പെരിയാര്‍ ഡാം തുറക്കല്‍; മുന്നൊരുക്കങ്ങള്‍ തയ്യാര്‍, ആശങ്ക വേണ്ടെന്ന് മന്ത്രി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ. രാജന്‍ വ്യക്തമാക്കി.

Update: 2021-10-28 03:00 GMT
Advertising

മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി റവന്യു മന്ത്രി കെ. രാജൻ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാൽ ഒട്ടും അലസത പാടില്ല. സമൂഹ  മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മീഡിയവണിനോട്‌ പറഞ്ഞു. 

മൈക്ക് അനൗണ്‍സ്മെന്‍റുകളും മുന്നറിയിപ്പുകളും പ്രദേശത്ത് ആരംഭിച്ചു. വണ്ടിപ്പെരിയാറിലൂടെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിച്ചേരേണ്ടത് 27 കിലോമീറ്റര്‍ സഞ്ചരിച്ചാണ്. ആ 27 കിലോമീറ്റര്‍ പ്രദേശത്തും കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018ലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 853 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് നിഗമനം. 3220 പേരെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവരുടെ ഫോണ്‍നമ്പറുകളും ലഭ്യമാണ്. വില്ലേജ് ഓഫീസുകളിലും താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളില്‍ തന്നെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍, പ്രത്യേക ആശുപത്രികള്‍ തുടങ്ങിയ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.05 അടിയായി ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയർന്നാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിരുന്നു. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News