മോന്‍സണ്‍ പെരുങ്കള്ളന്‍, തട്ടിപ്പുകള്‍ക്ക് തന്‍റെ സാന്നിധ്യം ദുരുപയോഗം ചെയ്തു: കെ സുധാകരന്‍

പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് കെ സുധാകരന്‍

Update: 2021-09-29 08:52 GMT
Advertising

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സൺ പെരുങ്കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി 5 ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. പക്ഷേ അസുഖം ഭേദമായില്ല. വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം വീണ്ടും ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

എന്തുകൊണ്ട് മോന്‍സണുമായി ഉദ്യോഗസ്ഥൻമാരുടെ ബന്ധം അന്വേഷിക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. സംസ്ഥാന സർക്കാർ സംരക്ഷിക്കുന്ന ഫ്രോഡാണ് മോൺസൺ. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ബെന്നി ബഹ്നാന് മറുപടി നൽകുന്നില്ല. തനിക്കൊരു പാർട്ടി ചട്ടക്കൂട് ഉണ്ട്. ആ ചട്ടക്കൂട് ബെന്നി ബഹ്നാനും ബാധകമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

'ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ല'

വൃത്തികെട്ട സംസ്കാരമുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നേതാക്കൻമാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്‍റെ പ്രതികരണം.

കാലം തന്ന ദൗർബല്യം പാർട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഇല്ലാത്തതും തിരിച്ചടിയായി. പാർട്ടിക്ക് വിധേയമാകാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്നും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഉമ്മൻചാണ്ടിയെ വെല്ലുവിളിക്കുന്നവർ എന്ത് കോൺഗ്രസുകാരാണ്. നേതാക്കൻമാരെ പോലും സമൂഹമാധ്യമങ്ങളിലൂടെ തെറി വിളിക്കുന്നു. ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക് പാർട്ടിയെ കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുക. പ്രവർത്തകർക്ക് അച്ചടക്കം പഠിക്കാൻ കൈപുസ്തകം നൽകുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള പരിപാടികള്‍ ആരംഭിച്ചു. സെമി കേഡര്‍ സംവിധാനത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിട്ടുണ്ട്. വി.എം സുധീരന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. രാഷ്ട്രീയ കാര്യ സമിതി കൂടിയിട്ടുണ്ട്. കൂടുന്ന സമയത്ത് ആരും വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News