സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ല, മുല്ലപ്പള്ളി വിളിച്ചാല്‍ ഫോണെടുക്കാറില്ല: കെ സുധാകരന്‍
'ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. യോഗത്തിന് വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല'
വി എം സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്നലെ വൈകുന്നേരം രാജിക്കത്ത് ലഭിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തുവെന്ന് മാത്രമാണ് സുധീരന്‍ പറഞ്ഞത്. സുധീരന്റെ രാജിക്കത്ത് വായിച്ചിട്ടില്ല. എന്താണ് അതിനകത്ത് എന്ന് അറിയില്ല. അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്‍ രാജിവെച്ചതെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും വി എം സുധീരന്‍ പറഞ്ഞു.
ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. യോഗത്തിന് വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല. പുനസ്സംഘടനാകാര്യം രണ്ട് തവണ സുധീരനുമായി ചർച്ച നടത്തിയിട്ടുണ്ട്. സുധീരന്റെ വീട്ടില്‍ പോയാണ് അദ്ദേഹവുമായി ചർച്ച നടത്തിയത്. മുല്ലപ്പള്ളിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ല. അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാറില്ല. താഴെത്തട്ടിലെ അണികള്‍ ഘടനാമാറ്റത്തെ നെഞ്ചേറ്റിയെന്നും കെ സുധാകരന്‍ പറഞ്ഞു.
പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സർവകക്ഷിയോഗം വേണമെന്നാണോ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ വേണമെന്നാണല്ലോ ഡിവൈഎഫ്ഐ നിലപാടെന്ന് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അവരുടെ യുവജന വിഭാഗത്തെ പോലും വിശ്വാസത്തിലെടുക്കുന്നില്ല. പാലാ ബിഷപ്പിനെ കാണാന്‍ മുഖ്യമന്ത്രി വാസവനെ അയച്ചതെന്തിനാണ്? പ്രശ്നം അവസാനിച്ചു എന്ന് മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? ഭരണാധികാരി എന്ന നിലയിലേക്ക് പിണറായി വിജയന്‍ ഉയരുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.