ഷാജഹാന്‍ കൊലപാതകം സി.പി.എമ്മിന് അകത്ത് നടന്ന കൊലപാതകം: കെ സുധാകരന്‍
'രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ ഇടാൻ കഴിയുമോ?'
പാലക്കാട് ഷാജഹാന്‍ കൊലപാതകം സി.പി.എമ്മിന് അകത്ത് നടന്ന കൊലപാതകമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ആരെയും കൊല്ലുന്ന സംഘമായി സി.പി.എം മാറി. ബി.ജെ.പിയോട് പ്രത്യേകിച്ച് സ്നേഹമോ ദേഷ്യമോ ഇല്ല. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ ഇടാൻ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു.
സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് സി.പി.എം പ്രവർത്തകർ തന്നെയാണെന്നും കെ സുധാകരന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഉള്ളതിനേക്കാൾ ആയുധം സി.പി.എമ്മിന്റെ കയ്യിൽ ഉണ്ട്. അക്രമികൾ പാർട്ടി അംഗങ്ങളാണെന്ന് ദൃക്സാക്ഷി പറയുന്നു. സി.പി.എമ്മിന് എങ്ങനെ കയ്യൊഴിയാൻ കഴിയും? അക്രമികൾ പാർട്ടി അംഗങ്ങൾ അല്ലെന്ന് പറയുന്ന നേതാക്കളെ പാർട്ടി അംഗങ്ങൾ തന്നെ തിരുത്തുകയാണെന്നും കെ സുധാകരന്‍ വിശദീകരിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിനപ്പുറം മറ്റു ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിന് പിന്നിലുണ്ട്. പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം എല്ലാ കാലവും അക്രമത്തിന്റെ വക്താക്കളാണെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം ഷാജഹാൻ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊലയാളികൾക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘവുമായും ബന്ധമുണ്ട്. കഞ്ചാവ് വിൽപ്പന ഷാജഹാൻ ചോദ്യംചെയ്തതാണ് കൊലപാതകത്തിനുള്ള കാരണം. കൊല നടത്തിയവർ മറ്റ് കേസുകളിലും പ്രതികളാണ്. കൊല നടത്തിയിട്ട് ആർ.എസ്.എസ് വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.