സി.പി.എം സെമിനാറില്‍ പങ്കെടുത്താല്‍ നടപടി, കെ.പി.സി.സിയെ വിമര്‍ശിച്ചത് അച്ചടക്കലംഘനം- കെ.വി തോമസിനെതിരെ നിലപാട് വ്യക്തമാക്കി കെ. സുധാകരൻ

വിഷയത്തിൽ ഇനിയും ആശയവിനിമയത്തിന് കെ.പി.സി.സി നേതൃത്വം ഒരുക്കമല്ല. കെ.പി.സി.സി കൈക്കൊള്ളുന്ന തീരുമാനത്തിൽ എ.ഐ.സി.സി നേതൃത്വത്തിന്റേതായിരിക്കും അന്തിമ നടപടി- കെ സുധാകരന്‍

Update: 2022-04-07 09:45 GMT
Editor : Shaheer | By : Web Desk
Advertising

സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന കെ.വി തോമസിന്റെ നിലപാടിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കെ.വി തോമസ് ഇപ്പോഴും പാർട്ടി വിട്ടിട്ടില്ല. സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്കലംഘനമാണ്. വാർത്താസമ്മേളനം വിളിച്ചുചേർത്ത് നേതൃത്വത്തിനെതിരെ സംസാരിച്ചതും അച്ചടക്കലംഘനം തന്നെയാണെന്നും എന്നാൽ, സെമിനാറിൽ പങ്കെടുത്ത ശേഷമായിരിക്കും നടപടിയെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

സെമിനാറിൽ പോകുമെന്ന് കെ.വി തോമസ് വാർത്താസമ്മേളനം നടത്തിയതല്ലാതെ പോയി എന്ന് ഉത്തമബോധ്യം വന്നാൽ മാത്രമായിരിക്കും അതിനു പുറത്ത് അനന്തര നടപടിയുണ്ടാകുക. ഇക്കാര്യത്തിൽ താരിഖ് അൻവർ അടക്കമുള്ള ദേശീയ നേതൃത്വവുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുകയാണെങ്കിൽ കെ.പി.സി.സി തീരുമാനമെടുക്കുകയും അക്കാര്യം എ.ഐ.സി.സിയെ അറിയിക്കുകയും ചെയ്യും. എ.ഐ.സി.സി ഉടൻ നടപടിയെടുക്കുമെന്നും സുധാകരൻ അറിയിച്ചു.

വാർത്താസമ്മേളനം നടത്തിയതും സെമിനാറിൽ പങ്കെടുക്കുമെന്നു പറഞ്ഞതും കെ.പി.സി.സി നേതൃത്വത്തിനെതിരെ പ്രതികരിച്ചതുമെല്ലാം അച്ചടക്കലംഘനമാണ്. അതേക്കുറിച്ച് ഇന്ന് വൈകീട്ട് തീരുമാനമെടുക്കും. വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട അച്ചടക്കനടപടിയെക്കുറിച്ച് എ.ഐ.സി.സിയുമായി സംസാരിക്കും. എന്നിട്ടായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇനിയും ആശയവിനിമയത്തിനില്ല. അതിന് കെ.പി.സി.സി നേതൃത്വം ഒരുക്കമല്ല. വിഷയത്തിൽ പ്രതീക്ഷിക്കാത്ത വേഗത്തിൽ നടപടിയുണ്ടാകും. കെ.പി.സി.സി കൈക്കൊള്ളുന്ന തീരുമാനത്തിൽ എ.ഐ.സി.സി നേതൃത്വത്തിന്റേതായിരിക്കും അന്തിമ നടപടിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇന്ന് എറണാകുളത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയത്. മാർച്ചിൽ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

ഞാൻ നൂലിൽ കെട്ടി വന്നവനല്ല. രാജ്യസഭാ സീറ്റിലും പരിഗണിച്ചില്ല. 2019ലും സീറ്റ് നിഷേധിച്ചു. ശശി തരൂരിന് സെമിനാറിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് ഞാൻ അറിഞ്ഞത് വാർത്തകളിലൂടെയാണ്. സി.പി.എം സെമിനാറിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച ശേഷം പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന ഭീഷണി പാർട്ടി നേതൃത്വം മുഴക്കി. ഞാൻ പാർട്ടിയിൽ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാർട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിർവഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാർട്ടിയ്ക്കെതിരായി ഞാൻ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ ജന്മം കൊണ്ട് കോൺഗ്രസുകാരനാണ്. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ് ഞാൻ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വർഷം ഞാൻ കാത്തിരുന്നു. പാർലമെന്റിൽ പോകാനല്ല, അർഹമായ പരിഗണന പാർട്ടി എനിക്ക് തരും എന്ന് ഞാൻ കരുതി. ഏഴുവട്ടം ജയിച്ചത് എന്റെ തെറ്റല്ല. പിന്നെ തോൽക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ തോറ്റെന്ന പേരിലാണ് ചിലർക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെ.പി.സി.സി വർക്കിങ്് പ്രസിഡന്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്- കെ.വി തോമസ് പറഞ്ഞു.

സി.പി.എം 23-ാം പാർട്ടി കോൺഗ്രസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾക്ക് തുടക്കം. സെമിനാറിൽ പങ്കെടുക്കരുതെന്ന് ഹൈക്കമാൻഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് പങ്കെടുക്കാനുള്ള തീരുമാനം. പാർട്ടി തീരുമാനം ലംഘിച്ചാൽ പാർട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു.

Summary: Action will be taken against KV Thomas if he attends the CPM party congress seminar, K Sudhakaran clarifies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News