''എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യുന്നില്ല''; ശശി തരൂരിനെതിരെ കെ.സുധാകരൻ
പാർട്ടിയുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യണമെന്ന് ദേശീയ നേതൃത്വം പല തവണ ആവശ്യപ്പെട്ടെങ്കിലും തരൂർ അനുസരിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: ശശി തരൂർ നടത്തുന്ന പുതിയ നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പാർട്ടി നേതൃത്വത്തെ പൂർണമായി അവഗണിച്ചുകൊണ്ടാണ് തരൂർ മുന്നോട്ട് പോകുന്നതെന്നും കെ.പി.സി.സി പ്രസിഡന്റായ തന്നെ ഒന്ന് വിളിക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു. 'ദി പ്രിന്റിന്' നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.
പാർട്ടിയുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യണമെന്ന് എ.ഐ.സി.സി നേതൃത്വം തരൂരിനോട് പല തവണ പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം അനുസരിക്കാൻ തയ്യാറാവുന്നില്ല. കണ്ണൂരിലെ നിരവധി പരിപാടികൾക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും വന്നില്ല. ഒടുവിൽ അവിടെ വന്നപ്പോൾ തന്നെ അറിയിച്ചില്ല. മര്യാദയുടെ പേരിൽ തന്നെ ഒന്ന് വിളിക്കാൻ പോലും അദ്ദേഹം തയ്യാറാവാത്തത് വല്യ നാണക്കേടായെന്നും സുധാകരൻ പറഞ്ഞു.
തരൂരിന്റെ മണ്ഡലത്തിൽ പാർട്ടി നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. തരൂരിനോട് തനിക്ക് ഒരു വിരോധവുമില്ല. അദ്ദേഹത്തിന്റെ 'കന്നുകാലി ക്ലാസ്' പ്രയോഗത്തിൽ പോലും കൂടെ നിന്ന ആളാണ് താൻ. തരൂർ പാർട്ടിക്ക് അനിവാര്യമായ ആളാണ്. പക്ഷെ തരൂരിന് പാർട്ടിയേയും ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.