'ഗവർണർക്ക് നട്ടെല്ലുണ്ടെങ്കിൽ ഈ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ അറിയിക്കണം'; വെല്ലുവിളിച്ച് കെ. സുധാകരൻ

''ഒരു അന്വേഷണത്തിനെങ്കിലും ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം, അല്ലാതെ ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര''

Update: 2022-11-03 09:33 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണറും സർക്കാറും തമ്മിൽ പോര് തുടരുന്ന ഘട്ടത്തിൽ പുതിയ നീക്കവുമായി കോൺഗ്രസ്. ഗവർണറെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയത്. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവർണർ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരൻ ഈ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് പറയണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു. ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണമെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ ഗവർണറുടേത് വെറും കളിപ്പീരായിരിക്കും. ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു.

''സർക്കാരുമായി തെറ്റിയപ്പോഴാണ് ചെയ്തതൊക്കെ തെറ്റാണെന്ന് ഗവർണർക്കും തോന്നിയത്. ഗവർണറെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ്. ഗവർണറെ വിമർശിക്കേണ്ട ഇടത്ത് വിമർശിച്ചിട്ടുണ്ട്. സർക്കാരിന് വേണ്ടി വിസിമാരെ നിയമിച്ചപ്പോൾ കോൺഗ്രസ് ഗവർണറെ എതിർത്തിരുന്നു. തങ്ങൾ ഗവർണറുടെ വക്താവ് അല്ല. തങ്ങൾ ഉന്നയിച്ച ആരോപണം ആണ് ഗവർണർ പറയുന്നത്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല''. സുധാകരൻ പറഞ്ഞു.

എന്നെ കാവി വത്ക്കരിക്കാൻ നോക്കണ്ട, ഞങ്ങളുടെ ശത്രു ബിജെപി തന്നെയാണ്. കേരളത്തിൽ സംസ്ഥാന നയം നോക്കിയെ കോൺഗ്രസിന് നിൽക്കാൻ പറ്റൂ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News