'ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ'; ഐഷ സുല്‍ത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരന്‍

'സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാര്‍'

Update: 2021-06-12 06:20 GMT
Editor : ijas
Advertising

ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേലെന്നും സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം അറിയിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുധാകരന്‍ ഐഷ സുല്‍ത്താനക്ക് പിന്തുണ അറിയിച്ചത്. 

അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്നും ഈ നടപടികൾക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഐഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിന്‍റെ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്‍റെ ഭാഗമാണെന്നും സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

ലക്ഷദ്വീപിലെ പ്രശ്നങ്ങളില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയും കെ സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യു.എ.പി.എ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയ്യാറാകാത്തതിൽ അത്ഭുതപ്പെടാനില്ലെന്നും ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കുകയെന്ന ഇടത് പക്ഷ നയം നടപ്പിലാക്കുകയാണ് ചെയ്തതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മീഡിയവൺ ചർച്ചക്കിടെ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ കെ. പ​ട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന്​ വിശേഷിപ്പിച്ച സംഭവത്തിലാണ്​ ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു പരാമർശം. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പൊലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ നടപടികൾക്കെതിരെയുള്ള പോരാട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കും.

സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.

ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യു.എ.പി.എ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയ്യാറാകാത്തതിൽ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.

സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം.

Tags:    

Editor - ijas

contributor

Similar News