'ഇടതുപക്ഷത്തിന്റെ കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ മാധ്യമങ്ങളെ ഇന്ന് അവർ തന്നെ വിലക്കുന്നു; ഇത് കാലത്തിന്റെ കാലനീതി'- കെ. സുധാകരൻ

നിയമസഭയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമായിരുന്നു ഇന്ന് ഏർപ്പെടുത്തിയത്.

Update: 2022-06-27 06:16 GMT
Editor : Nidhin | By : Web Desk
Advertising

നിയമസഭയിലെ മാധ്യമവിലക്കിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മാധ്യമങ്ങളെ നിയമസഭയിൽ നിന്ന് എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് അദ്ദേഹം പരിഹസിച്ചു.

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളതെന്ന് കെ. സുധാകരൻ ആരോപിച്ചു.

' കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പോലും ജനങ്ങളിലെത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വളർത്തിയെടുത്തവർ ജനങ്ങൾക്കെതിരേ മാത്രമല്ല, നിങ്ങൾക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്'- അദ്ദേഹം പറഞ്ഞു.

ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധർമം മാധ്യമങ്ങൾ നിറവേറ്റണമെന്നും കാലവും ജനവും അതാവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫേസ്ബുക്ക് പോസ്റ്റി‍ന്‍റെ പൂര്‍ണരൂപം

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയിൽ LDF തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണ്.

മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളർന്നു വന്ന് നിലനിൽക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകൾ ചമച്ച് ഇടതു നേതാക്കളെ അവർ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.

ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്ക്കെതിരെ നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പോലും ജനങ്ങളിലെത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വളർത്തിയെടുത്തവർ ജനങ്ങൾക്കെതിരേ മാത്രമല്ല ,നിങ്ങൾക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്.

പ്രിയ മാധ്യമ സുഹൃത്തുക്കളേ, ഇന്നലെകളിൽ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ ഭയന്നു വിറച്ചതിൻ്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിൻ്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധർമം നിങ്ങൾ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ട്.


നിയമസഭയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമായിരുന്നു ഇന്ന് ഏർപ്പെടുത്തിയത്. മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. പിആർഡി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പിആർഡി നൽകുന്നത് ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ്. പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് നൽകാൻ പിആർഡി തയ്യാറായിട്ടില്ല.

കഴിഞ്ഞ സഭാ സമ്മേളനംവരെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്ന പല സ്ഥലത്തും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇവിടെയൊന്നും മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന നിർദേശമാണ് സ്പീക്കർ നൽകിയതെന്നാണ് വാച്ച് ആൻഡ് വാർഡ് പറയുന്നത്. മാധ്യമവിലക്ക് വിവാദമായതോടെ പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ നൽകാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News