കേരളം ഭരിക്കുന്നത് ബി.ജെ.പി, പിണറായി ബി.ജെ.പിയിലേക്ക് ചേക്കേറാനും മടിക്കില്ല: കെ സുധാകരന്‍

'കേന്ദ്രം കേരള സർക്കാരിനെ അട്ടിമറിക്കുന്നേ എന്ന് വിലപിച്ചു കൊണ്ടുതന്നെ നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്'

Update: 2022-08-28 03:49 GMT
Advertising

നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് കേന്ദ്ര ആഭ്യന്തരന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരൊറ്റ എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു.

കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ടുതന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങൾക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്. കേരളത്തിലെ ബി.ജെ.പിയുടെ 'എ' ടീം ആയാണ് ഇപ്പോൾ സി.പി.എം പ്രവർത്തിക്കുന്നത്. അഴിമതികളുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ ബി.ജെ.പിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ സംഘപരിവാർ വിധേയത്വം വ്യക്തമാക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

അഴിമതിക്കേസുകളിൽ അകത്താകാതിരിക്കാൻ മോദിയുടെയും അമിത് ഷായുടെയും വിനീതവിധേയനായി നിൽക്കേണ്ടി വരുന്ന കേരള മുഖ്യമന്ത്രിയുടെ ഗതികേടിൽ കോൺഗ്രസിന് സഹതാപമുണ്ട്. എണ്ണമറ്റ അഴിമതി കേസുകളിൽ നിന്ന് രക്ഷനേടാനാണ് ബി.ജെ.പിയുടെ ചെരുപ്പ് നക്കൽ പിണറായി വിജയൻ ശീലമാക്കുന്നതെങ്കിൽ അതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്ന് മാത്രം ഓർമപ്പെടുത്തുന്നുവെന്നും കെ സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഒരൊറ്റ എം.എല്‍.എ പോലുമില്ലാത്ത ബിജെപി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണ്

കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ടുതന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങൾക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്. ആർഎസ്എസ്സുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്, ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനിൽ നിന്നും ഞങ്ങൾ ബിജെപി വിരുദ്ധത അൽപം പോലും പ്രതീക്ഷിക്കുന്നില്ല.

കേരളത്തിലെ ബിജെപിയുടെ 'എ' ടീം ആയാണ് ഇപ്പോൾ സിപിഎം പ്രവർത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടതു പ്രകാരമായിരിക്കാം ജവഹർലാൽ നെഹ്റുവിന്‍റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന വള്ളംകളിയിലേക്ക് നെഹ്റു വിരുദ്ധനായ അമിത് ഷായെ പിണറായി ക്ഷണിച്ചത്.

അഴിമതികളുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ സംഘപരിവാർ വിധേയത്വം വ്യക്തമാക്കുകയാണ്. ആ ഭയം കൊണ്ടായിരിക്കാം ഇത്രയേറെ അഴിമതികൾ നടത്തിയ മുഖ്യമന്ത്രിയെ സിപിഎം ഇപ്പോഴും പിന്തുണയ്ക്കുന്നത്.

അഴിമതിക്കേസുകളിൽ അകത്താകാതിരിക്കാൻ മോദിയുടെയും അമിത് ഷായുടെയും വിനീതവിധേയനായി നിൽക്കേണ്ടി വരുന്ന കേരള മുഖ്യമന്ത്രിയുടെ ഗതികേടിൽ കോൺഗ്രസ്സിന് സഹതാപമുണ്ട്. എണ്ണമറ്റ അഴിമതി കേസുകളിൽ നിന്ന് രക്ഷനേടാനാണ് ബിജെപിയുടെ ചെരുപ്പ് നക്കൽ പിണറായി വിജയൻ ശീലമാക്കുന്നതെങ്കിൽ അതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്ന് മാത്രം ഓർമപ്പെടുത്തുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News