'അന്ന് നായനാർ പുറത്തുതട്ടി പറഞ്ഞു, സൂക്ഷിക്കണം, മ്മടെ പാർട്ടിയാ...'; മനസ്സു തുറന്ന് കെ സുധാകരൻ
"എനിക്കെങ്ങനെ കോൺഗ്രസിൽ നിന്ന് പോകാൻ പറ്റും? ഞാനൊരു സെക്യുലർ ആണ് എന്ന് ആർക്കാണ് സംശയം"
ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് നേതൃത്വം പുനഃസംഘടിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രസിഡണ്ടു പദം ഇത്തവണ ആഗ്രഹിച്ചില്ല എന്നും പ്രവർത്തകരുടെ വികാരവും പിന്തുണയുമാണ് പുതിയ നിയോഗത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മീഡിയ വൺ എഡിറ്റർ രാജീവ് ദേവരാജിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
ആടിനെ പട്ടിയാക്കി പിന്നീട് അതിനെ അടിച്ചുകൊല്ലുന്നതാണ് സിപിഎമ്മിന്റെ ശൈലിയെന്ന് സുധാകരൻ ആരോപിച്ചു. സാമൂഹ്യവിരുദ്ധൻ, ക്രിമിനൽ എന്നെല്ലാം തന്നെ വിശേഷിപ്പിച്ചത് കൊല്ലാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെയുള്ള പോരാട്ടവുമായി നടക്കുമ്പോൾ സഹൃദയത്വമുള്ള ഒരു മുഖവുമായി നടക്കാൻ പറ്റുമോ എന്നും സുധാകരന്‍ ചോദിച്ചു.
കോൺഗ്രസ് പുനഃസംഘടന, മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനം, സിപിഎം തനിക്കെതിരെ നടത്തിയ വധശ്രമങ്ങൾ, ബിജെപിയിൽ നിന്നുള്ള ക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം മനസ്സു തുറന്നു. കോൺഗ്രസിൽ ഇനി ഗ്രൂപ്പില്ലെന്നും പാർട്ടിയേ ഉള്ളൂവെന്നും പറഞ്ഞ സുധാകരൻ മാറ്റത്തിന് നേതാക്കളും പ്രവർത്തകരും ഒരുപോലെ വിധേയരാകണമെന്നും ആവശ്യപ്പെട്ടു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ;
പ്രവർത്തകരുടെ വികാരം
പാർട്ടി പ്രവർത്തകരുടെ വികാരവും പിന്തുണയുമാണ് എന്നെ പ്രസിഡണ്ടാക്കിയത്. അവർ ഞാൻ പ്രസിഡണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നേരത്തെ പലതവണ പ്രസിഡണ്ട് പദം എനിക്ക് നഷ്ടപ്പെട്ടതാണ്. അന്നൊന്നും ഞാൻ നിരാശപ്പെട്ടിട്ടില്ല. പ്രസിഡണ്ട് ആകാൻ വേണ്ടി ഞാൻ ആരെയും കണ്ടിട്ടില്ല. പ്രവർത്തകരുടെ വികാരം ഹൈക്കമാൻഡ് ഉൾക്കൊണ്ടതാണ്. അവരെടുത്ത തീരുമാനത്തെ വിനയപുരസ്സരം അംഗീകരിക്കുന്നു. പ്രതീക്ഷകൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനം ഉണ്ടാകും. പുനഃസംഘടനയിലൂടെ പാർട്ടിക്ക് പുതിയ ജീവനുണ്ടാക്കും.
സംഘടനാ തെരഞ്ഞെടുപ്പ് വേണം
കേരളത്തിലെ കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നു കാണണം എന്നാണ് മോഹം. 1992ലാണ് അവസാനത്തെ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിലാണ് ഞാൻ കണ്ണൂരിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായത്. രണ്ടു ഗ്രൂപ്പുകൾക്കും എതിരായി വിജയിച്ചത്. ആ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കിൽ കെ സുധാകരൻ എന്ന രാഷ്ട്രീയക്കാരൻ കാണില്ല. ഒരുപക്ഷേ, സിപിഎമ്മിന്റെ കത്തിക്കിരയായി ചരമദിനം ആചരിക്കുന്നുണ്ടാകും പ്രവർത്തകർ. ആ സാഹചര്യം ഉണ്ടാക്കിയത് ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇതുപോലുള്ള പുതിയ നാമ്പുകൾ ഉണ്ടാകും. ഇപ്പോൾ കഴിവോ പ്രാപ്തിയോ അല്ല നേതാക്കളുടെ മാനദണ്ഡം. നേതാക്കളുമായുള്ള വ്യക്തിബന്ധമാണ്. പാർട്ടിയെ നശിപ്പിച്ചതും അതാണ്.
പാർട്ടിക്ക് ഭാരമായ ഒരുപാട് നേതാക്കളുണ്ട്
പാർട്ടിക്കു വേണ്ടി എത്ര ശതമാനം നേതാക്കന്മാർ പ്രവർത്തിക്കുന്നു എന്ന കണക്കെടുത്താൽ വളരെ ചെറിയ ഒരു ശതമാനമേ ഉള്ളൂ. തെരഞ്ഞെടുപ്പിൽ പോലും പ്രവർത്തിക്കാത്ത സംസ്ഥാനതല ഭാരവാഹികളുണ്ട്. ജില്ലാതല ഭാരവാഹികളുണ്ട്. അവരൊക്കെ ഈ പാർട്ടിക്ക് ഭാരമാണ്. അവരെ മാറ്റി സക്രിയമായ നേതാക്കന്മാരെ കൊണ്ടുവന്നില്ലെങ്കിൽ ഈ പാർട്ടിക്കു നിലനിൽപ്പില്ല. ആരെതിർത്താലും അത് ഞങ്ങൾ അവരെ ബോധ്യപ്പെടുത്തും. ജംബോ കമ്മിറ്റിയായിരിക്കില്ല പുതിയതായി നിലവിൽ വരുന്നത്.
ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉണ്ടാകണം എന്ന് ആഗ്രഹം
ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കും എന്നാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞത്. അതിനെ പോസിറ്റീവായി ആണ് കാണുന്നത്. പാർട്ടിക്കുള്ളിൽ എന്നെ എതിർക്കേണ്ട കാര്യമില്ല. അവരെ ഞാൻ വിളിച്ചിരുന്നു. ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കണമെന്നാണ് ആഗ്രഹം.
രാജിവയ്ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതു കൊണ്ടാണ് ഇപ്പോഴത്തെ പുനഃസംഘടന ഉണ്ടായത്. പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്തുക, അവിടെ കുറച്ചുകാലം ഇരിക്കുക എന്നത് ഏതു രാഷ്ട്രീയക്കാരന്റെയും സ്വപ്‌നമാണ്. അത് മനുഷ്യസഹജമാണ്. ആ ആഗ്രഹം ആരംഭത്തിൽ ഉണ്ടായിരുന്നു. പക്ഷേ ഇക്കുറി ഉണ്ടായിട്ടില്ല. അതു കൊണ്ട് ഞാൻ ആരെയും കണ്ടില്ല. ആരോടും സംസാരിച്ചില്ല. ആരോടും ആവശ്യപ്പെട്ടില്ല.
ഒരു പോരാളിയെ പോലെ ഞാനുണ്ടാകും
ഞാനെന്നും പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ അക്ഷീണം പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനാണ്. അതിന് എനിക്ക് സമയമൊന്നുമില്ല. എത്ര മണിക്കൂർ വേണമെങ്കിലും ചെലവഴിക്കും. റിസൽട്ടില്ലാത്ത ഒരു പ്രവർത്തനത്തിനും ഞാൻ നിൽക്കാറില്ല. തെരഞ്ഞെടുപ്പിൽ ഞാൻ അങ്കം കുറിക്കുന്നത് 1980ലാണ്. എൺപതിൽ ലീഡർ (കെ കരുണാകരൻ) എന്നോട് ചോദിച്ചു. എടക്കാട് അസംബ്ലിയിൽ നിൽക്കുമോ എന്ന്... എടക്കാട് സിപിഎമ്മിന് ഇരുപത്തി അയ്യായിരത്തിന് മുകളിൽ ഭൂരിപക്ഷമുണ്ട്. എകെ ഗോപാലന്റെ നാട്. ഇടതുപക്ഷത്തിന്റെ അതിപ്രസരവും ഗുണ്ടായിസവും. അത്തരമൊരു നിയോജക മണ്ഡലത്തിൽ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരു ഉപാധിയാണ് വച്ചത്. ജയിക്കുന്നതു വരെ മത്സരിക്കണം. ലീഡർ ചിരിച്ചു കൊണ്ട് പറഞ്ഞു. മത്സരിച്ചോളൂ. അങ്ങനെയാണ് മത്സരിച്ചത്. 80, 82, 87, 92 ഞാൻ തുടർച്ചയായി മത്സരിച്ചു. തോറ്റിടത്ത് ആരെങ്കിലും രണ്ടു തവണ മത്സരിക്കുമോ? കള്ളവോട്ടിന് കേസ് നടത്തി ചെയ്തു. ഒരു ലക്ഷ്യത്തിലേക്ക് കണ്ണുനട്ട് പുറപ്പെട്ടാൽ ഒരു പോരാളിയെ പോലെ ഞാനതിന്റെ പിറകിലുണ്ടാകും.
ഈ പാർട്ടിയെ തിരികെ അധികാരത്തിലേക്ക് കൊണ്ടുവരിക, വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റു കരസ്ഥമാക്കുക എന്നത് എന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. ആ ടാർഗറ്റ് വച്ചു കൊണ്ടാണ് എന്റെ പ്രവർത്തനം.
അന്ന് നായനാർ പുറത്തുതട്ടി പറഞ്ഞു, സൂക്ഷിക്കണം... മ്മടെ പാർട്ടിയാ
മൂന്നാംവട്ടം ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം നിയമസഭയിൽ ഞാൻ മുഖ്യമന്ത്രി നായനാരോട് ഞാൻ പറഞ്ഞു. നിങ്ങളുടെ പാർട്ടിക്കോടതി എന്നെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ നിങ്ങളത് പ്രാവർത്തികമാക്കും എന്ന് എനിക്കറിയാം. കെ സുധാരകരൻ ഇരിക്കുന്ന സീറ്റ് ഒരു ദിവസം ഒഴിവുവരും. ഞാനില്ലാത്ത ഒരു അസംബ്ലിയുണ്ടാകും. പക്ഷേ, നമ്മുടെ രാജ്യത്ത് ഏതു കുറ്റവാളിക്കും ഭരണഘടന കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. ആ അവകാശം അവന്റെ അന്ത്യാഭിലാഷം നിറവേറ്റുക എന്നതാണ്. സർ, ഇന്ന് കേരളത്തിലുള്ള എന്റെ മുഖം ഒരു ക്രിമിനലിന്റെ മുഖമാണ്. ഒരു ഗുണ്ടയുടെ മുഖമാണ്. ആ മുഖം എന്റെ മുഖമല്ല. അത് നിങ്ങൾ കള്ളപ്രചരണത്തിലൂടെ ഉണ്ടാക്കിവച്ച മുഖമാണ്. എന്നെ അറിയാവുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും ഉണ്ട്. അവരെല്ലാം അതിശയത്തോടെയാണ് ആ വിശേഷണം കേൾക്കുന്നത്. അവരുടെ മനസ്സിൽ ഞാൻ സഹൃദയനായ പാർട്ടി പ്രവർത്തകനാണ്. അവർക്കിത് ഉൾക്കൊള്ളുന്നില്ല. നിങ്ങളീ വധശ്രമത്തിന് എന്നെ വിധിച്ച സ്ഥിതിക്ക് അവസാനത്തെ കുറ്റവാളിയുടെ ആഗ്രഹം പോലെ എനിക്കൊരു ആഗ്രഹമുണ്ട്. ആ ആഗ്രഹം സാധിച്ചു തരണം. 20 ദിവസത്തേക്ക് എങ്കിലും കെ സുധാകരന്റെ പഴയ മുഖമൊന്ന് തിരിച്ചുനൽകാൻ മുഖ്യമന്ത്രിക്ക് കഴിവുണ്ടാകണം. അത് നന്നായി നായനാരുടെ മനസ്സിൽ തട്ടി. പത്തു പതിനാല് ദിവസം കഴിഞ്ഞ് ഞാൻ ഡൽഹിയിലേക്ക് പോകുമ്പോൾ വിമാനത്തിൽ അദ്ദേഹം മുൻസീറ്റിൽ ഇരിക്കുകയാണ്. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ഞാൻ കോഴിക്കോട്ടു നിന്നുമാണ് കയറിയത്. എന്നെ കണ്ടപ്പോൾ, ഇരിക്കെടോ അവിടെ എന്നു പറഞ്ഞു. എന്തു പറഞ്ഞാലും, താനന്ന് പറഞ്ഞത് എന്റെ മനസ്സിൽ കൊണ്ടെടോ എന്നു പറഞ്ഞു.. എന്റെ പുറത്തു തട്ടീട്ട് പറഞ്ഞു. സൂക്ഷിക്കണം. മ്മടെ പാർട്ടിയാ... ഒരു നല്ല മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റുകാരൻ... അങ്ങനെയുള്ള നേതാക്കളും കണ്ണൂരുണ്ടായിട്ടുണ്ട്.
ആടിനെ പട്ടിയാക്കുക, പട്ടിയെ ഭ്രാന്തൻ പട്ടിയാക്കുക എന്നിട്ട് അതിനെ അടിച്ചു കൊല്ലുക. അതാണ് സിപിഎമ്മിന്റെ ശൈലി. എനിക്കെതിരെയും ചെയ്തത് അതാണ്. സാമൂഹ്യവിരുദ്ധൻ, ക്രിമിനൽ എന്നെല്ലാം പറഞ്ഞത് എന്നെ കൊല്ലാനാണ്. അതിനെതിരെയുള്ള പോരാട്ടവുമായി നടക്കുമ്പോൾ സഹൃദയത്വമുള്ള ഒരു മുഖവുമായി നടക്കാൻ പറ്റുമോ? എനിക്ക് കാർക്കശ്യത്തിന്റെ മുഖമല്ലാതെ പറ്റുമോ?
ഞാനൊരു സെക്യുലർ ആണ് എന്ന് ആർക്കാണ് സംശയം.
എന്നെ ബിജെപിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ കുറിച്ച് ഞാൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പോകണമെങ്കിൽ ഞാൻ പോകും. അതിന് നിങ്ങളുടെ ഔദാര്യം വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. അത് ഞാൻ പറഞ്ഞത് പോകാനല്ല. അത് പ്രചരിപ്പിക്കാൻ അവർക്ക് അവകാശമില്ല എന്നതിന്റെ തെളിവായി ഞാൻ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്. എനിക്കെന്റെ തീരുമാനമുണ്ട്. അതിന് സിപിഎമ്മിന്റെ ശിപാർശ വേണ്ട. ബിജെപിയിലേക്ക് പോകാനുള്ള എൻഒസി ആരുടേതും വേണ്ട. എനിക്ക് നേരിട്ട് പോകാം. ഇതുപറഞ്ഞത് പോകാനല്ലല്ലോ. ഞാൻ കോൺഗ്രസിൽ ജനിച്ചവനാ, കോൺഗ്രസിൽ വളർന്നവനാ, കോൺഗ്രസിൽ മരിക്കണമെന്ന് ആഗ്രഹിക്കുന്നവനാ, അവസാന കാലത്ത് ഒരു കോൺഗ്രസിന്റെ പതാക എന്റെ മൃതദേഹത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവനാ...
എനിക്കെങ്ങനെ കോൺഗ്രസിൽ നിന്ന് പോകാൻ പറ്റും? ഇവിടെ, എന്ത് ബിജെപിയാണ് കേരളത്തിൽ. ബിജെപിയിലേക്കാൻ പോകാൻ എനിക്ക് തലയ്ക്ക് അസുഖമുണ്ടോ? ഞാനൊരു സെക്യുലർ ആണ് എന്ന് ആർക്കാണ് സംശയം. കേരളത്തിൽ മുസ്‌ലിം-ക്രിസ്ത്യൻ സമുദായങ്ങൾ സ്‌നേഹിക്കുന്ന ഒരാളാണ് ഞാൻ. എല്ലാ ചർച്ചുകളും മുസ്‌ലിം മതപണ്ഡിതന്മാരും എനിക്ക് സ്‌നേഹം തരാറുണ്ട്. ഇടതുപക്ഷത്തോട് ഒപ്പം നിൽക്കുന്ന കാന്തപുരം വരെ ഞാനുമായി സൗഹൃദമുണ്ട്. എന്നിലുള്ള വിശ്വാസം തകർക്കാൻ സിപിഎം നടത്തുന്ന കള്ളപ്രചാരണമാണിത്. അതിന് ചുക്കാൻ പിടിക്കുന്ന ബേബി വിഡ്ഢി വേഷം കെട്ടുകയാണ്.
സാധാരണക്കാന്റെ നീതി നിഷേധിക്കപ്പെട്ടാൽ പട്ടാളം വന്നാലും ഞാൻ പ്രതികരിക്കും. ഞാൻ എന്തിന് ഭയപ്പെടണം. എന്റെ അവകാശമാണത്. തെറ്റിനെതിരെ പ്രതികരിക്കുന്നവർ ആകണം പാർട്ടി പ്രവർത്തകന്മാർ. നീതി നിഷേധിക്കുന്നിടത്ത് ചോദ്യം ചെയ്യാനുള്ള തന്റേടവും ആർജവവും കോൺഗ്രസ് പ്രവർത്തകന് ഉണ്ടാകണം. അതിൽ തർക്കമില്ല. സിപിഎമ്മിനെ പോലെയൊരു ഫാസിസ്റ്റു പാർട്ടിക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ ആ ചങ്കൂറ്റം വേണം.
ഗ്രൂപ്പില്ല പാർട്ടിയേ ഉള്ളൂ
മുല്ലപ്പള്ളിക്കെതിരെ ഒരു വിമർശനം പോലും ഞാൻ ഉന്നയിച്ചിട്ടില്ല. നിലപാടുകൾ പറയാറുണ്ട്. അത് നിർദേശങ്ങളാണ്. അത് പാർട്ടിയിൽ പറയും. പുറത്ത് പറയുന്നത് അപൂർവ്വമാണ്. വ്യക്തിപരമായ ഒരു വിയോജിപ്പും മുല്ലപ്പള്ളിക്കെതിരെയില്ല. എന്തായാലും പാർട്ടിയുടെ ശൈലി മാറണം. മാറ്റത്തിന് നേതാക്കളും പ്രവർത്തകരും ഒരു പോലെ വിധേയരാകണം. കേരളത്തില്‍ പാർട്ടി മാത്രമേ ഉള്ളൂ. ഗ്രൂപ്പില്ല.