പുതുപ്പള്ളിയിൽ കോൺഗ്രസ് രാഷ്ട്രീയം പറയും; സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ ചർച്ചയാവും: കെ. സുധാകരൻ
സി.പി.എം പ്രവർത്തകർ പോലും അവസരം കിട്ടിയാൽ സർക്കാരിനെ പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
കോഴിക്കോട്: പുതുപ്പള്ളിയിലും കേരളത്തിലും യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇത്രയും മോശമായ ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ഓരോ ദിവസവും അഴിമതിക്കഥകൾ പുറത്തുവരികയാണ്. സി.പി.എം പ്രവർത്തകർ പോലും അവസരം കിട്ടിയാൽ സർക്കാരിനെ പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രീയം പറഞ്ഞുതന്നെയാണ് യു.ഡി.എഫ് വോട്ട് ചോദിക്കുന്നത്. എന്തിന് വേണ്ടിയാണ് ഈ സർക്കാരിനെ പിന്തുണക്കേണ്ടത് എന്നാണ് ഭവന സന്ദർശനങ്ങളിൽ യു.ഡി.എഫ് ഉയർത്തുന്ന ചോദ്യം. സി.പി.എമ്മിന്റെ ഗതികേടുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത്. ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തെ വളരെ അധികം ദ്രോഹിച്ചു. മരണശേഷവും സി.പി.എം അത് തുടരുകയാണെന്നും സുധാകരൻ പറഞ്ഞു.