ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല; എഎപി-ട്വന്റി 20 സഖ്യത്തിന്റെ പിന്തുണ തേടി കെ സുധാകരൻ
കെ റെയിൽ കല്ലിടൽ നിർത്തിയത് അപ്രതീക്ഷിതമാണെന്നും സുധാകരൻ പറഞ്ഞു. തിരുത്താനുള്ള ബുദ്ധിയാണെങ്കിൽ നന്നായി. തെരഞ്ഞെടുപ്പ് കാരണമാണെങ്കിൽ അത് വഞ്ചനയാണ്.
പാലക്കാട്: തൃക്കാരക്കരയിൽ ആം ആദ്മി പാർട്ടി-ട്വന്റി 20 സഖ്യത്തിന്റെ പിന്തുണ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ആം ആദ്മി പാർട്ടിക്കും ട്വന്റി 20ക്കും ഒരിക്കലും ഇടതിനോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ പുതിയ മുന്നണിയുടെ പിന്തുണ തേടുകയാണെന്നും സുധാകരൻ വിശദീകരിച്ചു.
തൃക്കാക്കരയിൽ യുഡിഎഫ് വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. എതിരാളികളുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നാണ് രീതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ വലിയ കടന്നുകയറ്റം സാധ്യമല്ല. അതിനാൽ പുതിയ മുന്നണി കേരളത്തിൽ വെല്ലുവിളിയാകില്ല. പാർട്ടി എന്ന നിലയിൽ ട്വന്റി 20ക്ക് എതിരെ നിലപാട് എടുക്കേണ്ട സാഹചര്യം കോൺഗ്രസിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ കല്ലിടൽ നിർത്തിയത് അപ്രതീക്ഷിതമാണെന്നും സുധാകരൻ പറഞ്ഞു. തിരുത്താനുള്ള ബുദ്ധിയാണെങ്കിൽ നന്നായി. തെരഞ്ഞെടുപ്പ് കാരണമാണെങ്കിൽ അത് വഞ്ചനയാണ്. തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റാൽ കെ റെയിൽ പദ്ധതി നിർത്തിവെക്കാൻ മുഖ്യമന്ത്രി തയ്യാറാവുമോ എന്നും അദ്ദേഹം ചോദിച്ചു.