നേതാക്കളെ നേരിൽകണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുധാകരൻ; രമേശ് ചെന്നിത്തലയെ സന്ദർശിച്ചു
ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് കെ സുധാകരൻ പ്രതികരിച്ചു
പുതിയ പദവി ഏറ്റെടുത്തതിനു പിറകെ സംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ നേരിൽകണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. യോജിച്ചു മുന്നോട്ടുപോകാൻ പിന്തുണ ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്തെ വസതിയിലെത്തി ചെന്നിത്തലയെ കാണാനെത്തിയത്.
ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് സുധാകരൻ പറഞ്ഞു. ഇത് യോജിച്ചു മുന്നോട്ടുപോകുന്നതിനുള്ള തുടക്കമാണ്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയുമൊക്കെ സംഭാവനകൾ വളരെ വലുതാണ്. പാർട്ടിയുടെ താങ്ങും തണലുമായി നേതാക്കൾ ഉണ്ടാകണമെന്ന് സുധാകരൻ സൂചിപ്പിച്ചു.
ഹൈക്കമാൻഡ് നിർദേശിച്ച പേര് ഒറ്റക്കെട്ടായി അംഗീകരിച്ചതാണെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെ പേരും താൻ നിർദേശിച്ചിരുന്നില്ലെന്നും ഹൈക്കമാൻഡ് നിർദേശിച്ച പേര് ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നുവെന്നും പറഞ്ഞ ചെന്നിത്തല സുധാകരന് എല്ലാവിധ ആശംസകളും നേർന്നു.