നരബലിക്കു പിന്നിൽ സി.പി.എം നേതാവായതുകൊണ്ട് സാംസ്കാരിക നായകരും മറ്റും ഒന്നും മിണ്ടുന്നില്ല: കെ സുരേന്ദ്രന്‍

'നവോത്ഥാന മതിലും പൊക്കിപ്പിടിച്ചു നടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ് നയിക്കുന്നത്'

Update: 2022-10-11 13:07 GMT
Advertising

ഇലന്തൂരിൽ നടന്ന അത്യന്തം ഹീനമായ നരബലിക്കു പിന്നിൽ സി.പി.എം നേതാവായതുകൊണ്ട് സാംസ്കാരിക നായകരും അർബൻ നക്സലുകളും യുക്തിവാദികളുമൊന്നും മിണ്ടുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. വേറെ ഏതെങ്കിലും പാർട്ടിക്കാരനാണ് ഇത് നടത്തിയിരുന്നതെങ്കിൽ എന്താകുമായിരുന്നു പുകിലെന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു.

നവോത്ഥാന മതിലും പൊക്കിപ്പിടിച്ചു നടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ് നയിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. വടക്കുനോക്കി യന്ത്രങ്ങളുടെ ചർമബലം കാണ്ടാമൃഗത്തെ വെല്ലുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം ഭഗവല്‍ സിങ് സി.പി.എം അംഗമാണെന്ന ആരോപണം സി.പി.എം പിബി അംഗം എം.എ ബേബി നിഷേധിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം. നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമർഷവും ഉണ്ടാക്കുന്ന സംഭവമാണിതെന്നും എം.എ ബേബി പ്രതികരിച്ചു.

രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളെയും ആഭിചാരക്രിയകളെയും കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.സംസ്ഥാനം അന്ധവിശ്വാസത്തിലേക്കും ഇരുട്ടിലേക്കുമാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ഹീനകൃത്യങ്ങള്‍ക്ക് സ്ത്രീകളെ ഉപയോഗിക്കുന്നത് ഗൌരവത്തോടെ കാണണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ ഇത്തരം ക്രൂര കൃത്യങ്ങള്‍ നടക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ കൃത്യമായ ബോധവല്‍ക്കരണം സമൂഹത്തില്‍ നടത്തണമെന്നും പി.സതീദേവി ആവശ്യപ്പെട്ടു. കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രിമാരായ വീണാ ജോർജും ഡോ. ബിന്ദുവും പറഞ്ഞു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News