ലക്ഷദ്വീപുമായി ബന്ധപ്പെട്ട് നടക്കുന്നത് ടൂൾ കിറ്റ് പ്രചരണം, സിനിമാതാരങ്ങളുടെ ഉദ്ദേശ്യം വേറെ: കെ സുരേന്ദ്രന്‍

വ്യാപക കള്ളപ്രചരണമാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

Update: 2021-05-25 07:25 GMT
By : Web Desk
Advertising

ലക്ഷദ്വീപുമായി ബന്ധപ്പെട്ട് വ്യാപക കള്ളപ്രചരണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ കള്ളപ്രചരണത്തിന് പിന്നിലുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും ചില ഇസ്‍ലാമിക തീവ്രവാദ സംഘടനകളുമാണ്. ബേപ്പൂർ തുറമുഖത്ത് സൗകര്യങ്ങൾ കുറഞ്ഞത് കൊണ്ടാണ് മംഗലാപുരം തുറമുഖത്തെ ആശ്രയിക്കാൻ കാരണം. ദ്വീപിൽ ക്രിമിനലുകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഗുണ്ടാ നിയമത്തെ ഭയക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

നിലവിൽ ദ്വീപിലെ വിഐപികൾക്ക് മാത്രമാണ് പാൽ ലഭിക്കുന്നത്. എല്ലാവർക്കും പാലും പാലുൽപ്പന്നങ്ങളും ഉറപ്പു വരുത്തതിനാണ് അമൂൽ കമ്പനിയെ കൊണ്ടു വരാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിച്ചത്. പുതിയ ടൂൾ കിറ്റ് അജണ്ടയാണ് ഇപ്പോൾ നടക്കുന്നത്. ദുഷ്ട ലാക്കോടെയുള്ള വ്യാജപ്രചാരണമാണതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദ്വീപിൽ ഒരു മാംസവും നിരോധിച്ചിട്ടില്ല. സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് ആണ് മാംസം ഒഴിവാക്കിയത്. അത് ആരോഗ്യ വിദഗ്ധരുടെ നിർദേശം കണക്കിലെടുത്താണെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

ദ്വീപിന്‍റെ സുരക്ഷയും വികസനവും ആണ് പുതിയ പരിഷ്‌കാരങ്ങൾക്ക് കാരണം. പക്ഷേ നുണ പ്രചരണത്തിന് ഇറങ്ങിയവരുടെ ലക്ഷ്യങ്ങള്‍ വേറെയാണ്. നുണ പ്രചാരണങ്ങൾക്ക് ചില സിനിമാക്കാരും കൂട്ട് ചേരുന്നു. നേരത്തെ പിടിച്ച കോടിക്കണക്കിന് മയക്കു മരുന്ന് ലോബിക്ക് കൊച്ചിയിലെ സിനിമാ മേഖലയുമായി ബന്ധമുണ്ട് എന്നാണ് സൂചനയെന്നും സുരേന്ദ്രന്‍ പറയുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് കാണിച്ച് ലക്ഷദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കെയാണ് കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ നടക്കുന്നതെല്ലാം നുണപ്രചരണമാണ് എന്ന് വാദിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ലക്ഷദ്വീപ് ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ച വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കള്ളപ്രചാരണങ്ങൾക്കെതിരെയാണ് താൻ നിലപാട് പറയുന്നത് എന്നായിരുന്നു സുരേന്ദ്രന്‍ മറുപടി. അവിടത്തെ മറ്റ് വിഷയങ്ങൾ അവർ ആലോചിച്ച് തീരുമാനിക്കട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

By - Web Desk

contributor

Similar News