കെ-സ്വിഫ്റ്റ് കേസ് കോടതിയിലിരിക്കെ തിരക്കിട്ട് ഓഫീസ് ഉദ്ഘാടനം നടത്തി കെ.എസ്.ആർ.ടി.സി
പ്രതിപക്ഷ യൂണിയനുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്ന അതേസമയത്തു ഗതാഗത മന്ത്രി ആന്‍റണി രാജു ആനയറയില്‍ ഓഫീസിന്‍റെ നാട മുറിച്ചു
കെ-സ്വിഫ്റ്റിനെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിരക്കിട്ട് ഓഫീസ് ഉദ്ഘാടനം നടത്തി കെ.എസ്.ആർ.ടി.സി. പരസ്യമോ അറിയിപ്പോ ഇല്ലാതെ രഹസ്യമായി വലയം സ്ഥാപിച്ചായിരുന്നു ഉദ്ഘാടനം. കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പ്രത്യേക കമ്പനിയാണ് കെ സ്വിഫ്റ്റ്. എത്ര ഓഫീസ് തുറന്നാലും കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകള്‍ സ്വിഫ്റ്റിന് നൽകില്ലെന്ന നിലപാടിലാണ് യൂണിയനുകൾ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അന്നത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.സ്വിഫ്റ്റിന്‍റെ ടെര്‍മിനലും ഹെഡ്ക്വാര്‍ട്ടേഴ്സും ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വീണ്ടും പച്ചക്കൊടി കാണിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്‍റ് സര്‍വസന്നാഹവുമായി സ്വിഫ്റ്റുമായി മുന്നിട്ടിറങ്ങിയത്. മാധ്യമങ്ങളെ പോലും അറിയിക്കാതെ വെള്ളിയാഴ്ച ഹെഡ്ക്വാര്‍ട്ടേഴ്സ് വീണ്ടും ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. പ്രതിപക്ഷ യൂണിയനുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്ന അതേസമയത്തു ഗതാഗത മന്ത്രി ആന്‍റണി രാജു ആനയറയില്‍ ഓഫീസിന്‍റെ നാട മുറിച്ചു.
ഹരജി തുടര്‍വാദത്തിനായി 9ലേക്ക് മാറ്റിയിട്ടുണ്ട്. സ്വിഫ്റ്റിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയാണ്. ഇതിന്‍റെ പുരോഗതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി.