വിദ്യ ഒളിവിൽ കഴിഞ്ഞത് വില്യാപ്പള്ളിയിലെന്ന് റിമാൻഡ് റിപ്പോർട്ട്
കോടതിയിൽ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു.
കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഒളിവിൽ കഴിഞ്ഞത് വില്യാപ്പള്ളി കുട്ടകത്തെന്ന് റിമാൻഡ് റിപ്പോർട്ട്. കുട്ടടകത്ത് വി.ആർ നിവാസിൽ രാഘവന്റെ വീട്ടിൽനിന്നാണ് വിദ്യയെ പിടികൂടിയത്. ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വടകരയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ട വിദ്യയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കുന്നത്.
അതേസമയം വിദ്യ ഒളിവിൽ പോയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് ഇപ്പോൾ വിദ്യയെ അറസ്റ്റ് ചെയ്തത്. മുൻ എസ്.എഫ്.ഐ നേതാവായതുകൊണ്ട് മാത്രമാണ് വിദ്യയെ വേട്ടയാടുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.