'വ്യാജരേഖ നല്‍കിയിട്ടില്ല': കോണ്‍ഗ്രസ് സംഘടനകളില്‍പ്പെട്ടവര്‍ കുടുക്കിയതാണെന്ന് വിദ്യ
കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യയെ പാലക്കാടെത്തിച്ചു
കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യയെ അർധരാത്രിയോടെ പാലക്കാട്ടെ അഗളി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയിൽ ഹാജരാക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. വ്യാജരേഖ നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ. കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതെന്നും വിദ്യ മൊഴി നൽകി.
അതിനിടെ വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മേപ്പയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ പേരാമ്പ്ര - വടകര റോഡിലെ പന്നിമുക്കില്‍ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധം നടത്തി. വിദ്യയ്ക്ക് ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ 16 ദിവസമായി വിദ്യ ഒളിവിലായിരുന്നു. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിക്ക് ശ്രമിച്ചതിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.