''അച്ഛന് കൊടുക്കാന്‍ പറഞ്ഞ് അവന്‍റെ അമ്മ കൊടുത്തയച്ച ഒരു സമ്മാനവും അക്കൂട്ടത്തിലുണ്ടായിരുന്നു, യുക്രൈനില്‍ നിന്നുള്ള ഒന്നാന്തരം വോഡ്ക''
തുടക്കം അധ്യാപകനും ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനിയും എന്ന നിലയിൽ ആയിരുന്നു
ആര്‍ക്കായാലും ആരുടെതാണെങ്കിലും വിവാഹമോചനം എപ്പോഴും സമൂഹത്തില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ്. കുട്ടികളെ ബാധിക്കും, ഒറ്റക്കാകും തുടങ്ങിയ വിഷയങ്ങളും ഇതിനു പിന്നാലെ വരും. എന്നാല്‍ വിവാഹമോചനത്തിലൂടെ ഒന്ന് മാത്രമേ നഷ്ടപ്പെടുന്നുള്ളുവെന്നു പറയുകയാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി. ഭാര്യയും ഭര്‍ത്താവും എന്ന സ്ഥാനം മാത്രമേ വിവാഹമോചനത്തിലൂടെ നഷ്ടപ്പെടുന്നുള്ളുവെന്നും ഷാജി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം തന്‍റെ ആദ്യഭാര്യ ദുബൈയില്‍ നിന്നും കൊടുത്തയച്ച യുക്രൈനില്‍ നിന്നുള്ള വോഡ്കയുടെ ചിത്രവും ഷാജി പങ്കുവച്ചിട്ടുണ്ട്.
കെ.എ ഷാജിയുടെ കുറിപ്പ്
തുടക്കം അധ്യാപകനും ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനിയും എന്ന നിലയിൽ ആയിരുന്നു. പിന്നെ സൗഹൃദമായി. എപ്പോഴോ അത് പ്രേമമായി. ജാതിയും മതവും വീട്ടുകാരുടെ എതിർപ്പും ഒന്നും വകവയ്ക്കാതെ അത് രജിസ്റ്റർ വിവാഹത്തിൽ എത്തി. ഒരു ദശാബ്ദത്തിൽ അധികം ഒന്നിച്ചു ജീവിച്ചു. പിന്നെ പിരിഞ്ഞു. ഒന്നിച്ചു ജീവിക്കുമ്പോൾ ഉള്ള അതെ സ്നേഹത്തിന്‍റെ തീവ്രതയിൽ തന്നെ കലഹിച്ചു. കേസും കോടതിയുമായി. പക്ഷെ കോടതി മുറിയിൽ രണ്ടു പക്ഷത്തേയും വക്കീലന്മാർ തമ്മിൽ കലഹിക്കുകയും ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്യുമ്പോഴും പരസ്പരം മിണ്ടി. കോടതി മുറിയിലെ പരിമിതമായ ബഞ്ചുകളിൽ ഒരിടം കണ്ടെത്തിയാൽ മറ്റേ ആളിനായി കാത്തിരുന്നു. നിന്ന് വിഷമിക്കാതെ ഇരിക്കാൻ ഒരിടം. അത് പിടിച്ച് വച്ചിരിക്കും.
നിങ്ങൾ ഇങ്ങനെ വേഷം കെട്ടുകയാണ് എങ്കിൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ ഞങ്ങൾക്ക് വേറെ പണിയുണ്ട് എന്ന് അഭിഭാഷകർ പറഞ്ഞു. എന്തായാലും നല്ല നിലയിൽ തല്ലുകൂടി. ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പരസ്പര ധാരണയിൽ പിരിഞ്ഞു. രണ്ടാളും രണ്ടു വഴിക്കായി. മോനെ ഇത് എങ്ങനെ ബാധിക്കും എന്നായി പലരുടെയും ചോദ്യം. അവന്‍റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നുണ്ട് എന്നും അവർ സ്വാഭിമാനം ഉള്ളവരും അധ്വാനിച്ചു ജീവിക്കുന്നവരും ആണെന്നും ആയിരുന്നു മറുപടി. അവനോടും പറഞ്ഞു. നിനക്കിഷ്ടമുള്ളയാളുടെ കൂടെ ജീവിക്കുക. മറ്റെയാളെ കാണാൻ എപ്പോൾ ആഗ്രഹിക്കുന്നോ അപ്പോൾ പോകാം. കാണാം. മടങ്ങി വരാം.
ഒരു വർഷത്തിൽ കുറെ നാൾ സ്വദേശത്തും ബാക്കി വിദേശത്തും ആകാം. ആവശ്യങ്ങൾ നിവർത്തിക്കാൻ രണ്ടു ഇടങ്ങളുണ്ട്. നിന്‍റെ സ്കോപ്പ് കൂടുകയാണ്. മകൻ ഒരു മാസം ദുബൈയിൽ അവന്‍റെ അമ്മയുടെ കൂടെ പോയി നിന്ന് ഇന്ന് രാവിലെ വന്നു. അവന്‍റെ അമ്മ അവനു കൊടുത്തയച്ച സാധനങ്ങളുടെ കൂട്ടത്തിൽ ഒരു പൊതി ഉണ്ടായിരുന്നു. അച്ഛന് കൊടുക്കാൻ പറഞ്ഞുകൊണ്ട്. അതാണ് ചിത്രത്തിൽ. യുക്രൈനിൽ നിന്നുള്ള ഒന്നാം തരം വോഡ്‌ക. ഒന്നേ പറയുന്നുള്ളു. വക്കീലന്മാർ പലതും പറയും. വിവാഹമോചനത്തിൽ ഒന്ന് മാത്രമേ നഷ്ടപ്പെടുന്നുള്ളു. ഭാര്യയും ഭർത്താവും എന്ന സ്ഥാനം. നിങ്ങൾ പഴയ സുഹൃത്തുക്കളാണ്. സൗഹൃദം പോയിട്ടില്ല. കരുതലും. കാലിൽ ഒരു മുള്ളുപോലും കുത്തരുതേ എന്ന പ്രാർത്ഥന ഉള്ളിൽ കാണും. അപ്പൊ ശരി. ചിയേഴ്സ്..
എൻബി : ഞാനെത്ര വിവാഹം കഴിച്ചു. ആരെയെല്ലാം വഴിയിൽ ഉപേക്ഷിച്ചു. സൈബർ ഗുണ്ടകളുടെ നിരന്തര ആക്ഷേപമാണ്. മറുപടി ആയെന്ന് കരുതുന്നു.