'സ്വപ്ന തോന്നിയതെല്ലാം വിളിച്ചുപറയുന്നു, രാമപുരത്തെ വീട്ടിൽ പോയത് ചായ കുടിക്കാൻ'; കടകംപള്ളി സുരേന്ദ്രൻ
'ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടില്ല, തോളിൽ കയ്യിട്ടു എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. 'സ്വപ്ന തോന്നിയതെല്ലാം വിളിച്ചുപറയുന്നു. എന്റെ സഹപ്രവർത്തകനെതിരെ ഒരു ആരോപണം ഉയർന്നു. അതിന് പിന്നിൽ എന്റെ പേര് വലിച്ചിഴിക്കാനാണ് ശ്രമം. പലരെക്കുറിച്ചും ആരോപണങ്ങൾ ഇതിന് മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ അവരുടെ വീട്ടിൽ പോയി എന്നാണ് സ്വപ്ന പറയുന്നത്. രാമപുരത്താണ് അവരുടെ വീട്. പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എന്ന നിലയിൽ അവിടെ പോയത്. ഉദ്ഘാടനത്തിന് ശേഷം സംഘാടകർ ഉൾപ്പടെയുള്ളവർ നിർബന്ധിച്ചപ്പോൾ സ്വപ്നയുടെ വീട്ടിൽ പോയി. ആ വീട്ടിൽ ചെന്നപ്പോഴാണ് അതവരുടെ വീടാണെന്ന് തന്നെ അറിയുന്നത്. ചായ കുടിക്കാനാണ് സ്വപ്നയുടെ വീട്ടിൽ പോയത്. ഫോട്ടോ എടുക്കുമ്പോൾ അവരുടെ തോളിൽ കയ്യിട്ടുവെന്നാണ് അടുത്ത ആരോപണം. എന്നാൽ അവരുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടില്ലെന്നും തോളിൽ കയ്യിട്ടു എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും കടകംപള്ളി ചോദിച്ചു.
'സ്വപ്നയുമായി യുദ്ധത്തിനില്ല. അവരുടെ അവസ്ഥ നന്നായി അറിയാം. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പത്മവ്യൂഹത്തിലാണ് അവർ. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അവരുമായി സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് അടുത്ത ആരോപണം. ആരേയും കള്ളക്കേസിൽ കുടുക്കിയിട്ടില്ല. പാർട്ടി പ്രവർത്തകക്ക് വേണ്ടി പോരാടിയിട്ടുണ്ട്, അതിന്റെ വിശദാംശങ്ങൾ പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു.