'പട്ടികജാതിക്കാരനായതുകൊണ്ട് ഭരണകക്ഷിക്കാര്‍ സമ്മർദത്തിലാക്കി'; കടമ്പനാട് വില്ലേജ് ഓഫീസർ മരണത്തില്‍ എസ്.പിക്ക് പരാതി നൽകി കുടുംബം

മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു

Update: 2024-03-19 01:34 GMT
Editor : Shaheer | By : Web Desk
Advertising

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യയിൽ കുടുംബം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പട്ടികജാതി വിഭാഗത്തിൽപെട്ട ആളായതുകൊണ്ട് ജോലിയില്‍ കയറിയ ദിവസം മുതൽ മനോജിനെ ഭരണകക്ഷിയിലെ ചില ആളുകൾ സമ്മർദത്തിലാക്കിയിരുന്നതായി പരാതിയിൽ പറയുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുനൽകിയതായി സഹോദരൻ മധു മീഡിയവണിനോട് പറഞ്ഞു.

വളരെ ഗുരുതരമായ കാര്യങ്ങളാണ് സഹോദരൻ മധു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മനോജിന്റെ മരണം ജോലിസ്ഥലത്തെ സമ്മർദം മൂലമാണെന്നാണ് സഹോദരൻ പറയുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മനോജിനെ ഭരണകക്ഷിയിലെ ചില ആളുകൾ സമ്മർദത്തിലാക്കിയിരുന്നതായി പരാതിയിലുണ്ട്. ആത്മഹത്യയ്ക്ക് ഒരാഴ്ചമുന്‍പ് പ്രാദേശിക നേതാക്കൾ പരസ്യമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.

Full View

മാര്‍ച്ച് 11നാണ് കടമ്പനാട് വില്ലേജ് ഓഫിസർ മനോജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. സംഭവത്തിൽ അടൂർ ആർ.ഡി.ഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. എസ്.പിക്ക് നൽകിയ പരാതിയുടെ പകർപ്പ് കലക്ടർക്കും മുഖ്യമന്ത്രിക്കും കേന്ദ്ര പട്ടികജാതി കമ്മിഷനും നൽകും.

Summary: Kadampanad village officer Manoj's family has filed a complaint with the Pathanamthitta SP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News