കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; മൃതദേഹങ്ങളുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം, പൊലീസ് ഇടപെട്ട് തടഞ്ഞു
പ്രശ്നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നൽകിയതിനെ തുടർന്നാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെ കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൃതദേഹങ്ങളുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാൻ ബന്ധുക്കളടക്കമുള്ളവർ ശ്രമിചെങ്കിലും പൊലീസ് ഇടപെട്ട് ഇത് തടഞ്ഞു. പ്രശ്നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നൽകിയതിനെ തുടർന്നാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
മണിപ്പുഴ അർബൻ സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇരട്ട സഹോദരങ്ങളായ നിസാറും നസീറും ആത്മഹത്യ ചെയ്തത്. വായ്പ തിരിച്ചടക്കാൻ ബാങ്ക് സമ്മർദം ചെലുത്തിയെന്ന് അമ്മയും സുഹൃത്തുക്കളും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ പ്രതിഷേധം ശക്തമായത്. കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ബാങ്ക് ഉപരോധിച്ചിരുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടു കിട്ടിയ മൃതദേഹങ്ങളുമായാണ് ബന്ധുക്കളടക്കം ബാങ്കിന് മുന്നിലെത്തി പ്രതിഷേധിക്കാന്‍ നീക്കമുണ്ടായത്. എന്നാൽ ഈ വിവരം മുൻകൂട്ടിയറിഞ്ഞ് പൊലീസ് കോടിമത നാലുവരിപ്പാതയിൽ വച്ച് തന്നെ ആംബുലൻസ് തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എസ്ഡിപിഐ, കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മില്‍ വാക്കുതർക്കമുണ്ടായി.
പ്രശ്നം വഷളാകുമെന്നുകണ്ടതോടെ തഹസിൽദാർ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെട്ടു. വായ്പയുടെ തിരിച്ചടവ് അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന ഉറപ്പും നൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് താഴത്തങ്ങാടി പള്ളിയിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.