നക്ഷത്ര ഹോട്ടലുകളിൽ നിശാ പാർട്ടി, സാമ്പത്തിക സഹായം; ലഹരി ഡീലിലെ സുസ്മിത ടീച്ചർ
കേസിൽ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നു
കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകൾ. നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി സംഘങ്ങളില്‍ ടീച്ചർ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ സുസ്മിതയെ ഒക്ടോബർ ഏഴു വരെ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു.
11 കോടിയുടെ ലഹരിമരുന്ന് കേസിൽ 12-ാം പ്രതിയാണ് സുസ്മിത ഫിലിപ്പ്. ഹോട്ടലുകളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാനും പ്രതികള്‍ക്ക് സാമ്പത്തിക സഹായം നൽകാനും മുമ്പിൽ നിന്നത് സുസ്മിതയാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. വൻകിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാർട്ടികൾ ഇവർ പങ്കെടുത്തിരുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ചില പ്രതികൾക്കൊപ്പം ഹോട്ടലുകളിൽ ഇവർ താമസിച്ചിരുന്നതായും സൂചനയുണ്ട്. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
കേസിൽ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നു. ഇവർ പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഢാലോചനകളിലും ഇവർ പങ്കാളിയായിരുന്നുവെന്നും എക്‌സൈസ് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.
അറസ്റ്റിലായ പ്രതികൾക്ക് ശ്രീലങ്കയിൽ നിന്നും വന്ന ഫോൺകോളുകളെ കുറിച്ചും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈയിൽ നിന്നുമാണ് മാരക മയക്കുമരുന്നായ എംഡിഎ പ്രതികൾക്കു ലഭിച്ചത്. മയക്കുമരുന്ന് നൽകിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാവാവുണ്ട്.