കക്കി ഡാം തുറന്നു: പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കും
പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് 60 സെന്‍റീമീറ്റര്‍ വീതം തുറന്നത്. ആദ്യ മണിക്കൂറുകളില്‍ പുറന്തള്ളുക 100-200 കുബിക്സ് ജലമാണ്. പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അപകടസാധ്യതാ മേഖലയിലുള്ളവരെ നേരത്തെ തന്നെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ചെങ്ങന്നൂരിലും ജാഗ്രതാനിർദേശമുണ്ട്. നദീതീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടുന്നതിന് ചെങ്ങന്നൂരിൽ മത്സ്യബന്ധന ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. എംസി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കണമെന്നും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കക്കിയിലെ വെള്ളം എത്തുന്ന സമയം
പമ്പ ത്രിവേണി- 1-3 മണിക്കൂര്‍
കുറുമ്പാന്‍മൂഴി- 2-4 മണിക്കൂര്‍
വടശ്ശേരിക്കര- 3-5 മണിക്കൂര്‍
പെരുനാട്- 3-5 മണിക്കൂര്‍
റാന്നി- 5-7 മണിക്കൂര്‍
കോഴഞ്ചേരി- 10-11 മണിക്കൂര്‍
ആറന്മുള- 12-13 മണിക്കൂര്‍
ചെങ്ങന്നൂര്‍- 13-15 മണിക്കൂര്‍
തിരുവല്ല, അപ്പര്‍ കുട്ടനാട്- 15-20 മണിക്കൂര്‍