നൗഷാദിന്‍റെ തിരോധാനം; ഭാര്യ അഫ്‌സാനയെ റിമാൻഡ് ചെയ്തു
പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അഫ്‌സാനയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും മൃതദേഹവിശിഷ്ടം കണ്ടെത്താനായില്ല.
ഒന്നര വർഷം മുൻപു കലഞ്ഞൂരിൽ കാണാതായ പാടം സ്വദേശി നൗഷാദ് കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് കൂടൽ പൊലീസ്. ഭാര്യ അഫ്സാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടൂരിൽ ഇവർ വാടകയ്ക്കു കഴിഞ്ഞിരുന്ന വീടിനു സമീപമുള്ള 4 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വീടിന് സമീപമുള്ള സെമിത്തേരിയിലും പരിശോധന നടത്തിയിരുന്നു. മൂന്ന് ദിവസം മുമ്പ് ഇവർ നൗഷാദിനെ അടൂർ വച്ച് കണ്ടെന്നു അറിയിച്ചതിനെതുടർന്നാണ് കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് സിഐ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് നിഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്.
പരസ്പരവിരുദ്ധമായി മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ അഫ്‌സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശവക്കല്ലറയിൽ കയ്യേറ്റം നടത്തുക, ശവത്തെ അവഹേളിക്കുക അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളിലും കേസ് എടുത്തിട്ടുണ്ട്. 2021 നവംബര്‍ അഞ്ചാം തീയതി മുതല്‍ യുവാവിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. തുടര്‍ന്ന് കൂടൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൗഷാദിനെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതേസമയം പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.