കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയ കേസ്; പോസ്റ്റ്മോർട്ടം ഇന്ന്

ഫോറൻസിക് സർജന്മാർ ഇന്നലെ തന്നെ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു

Update: 2024-09-11 01:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയ കേസിൽ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും. ഫോറൻസിക് സർജന്മാർ ഇന്നലെ തന്നെ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റുമോർട്ടം നടപടികൾ സങ്കീർണമാകും. പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി അന്വേഷണസംഘം ഉഡുപ്പിയിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല എന്നാണ് വിവരം.

ആലപ്പുഴയിലെ ജ്വല്ലറിക്ക് പുറമേ ഉഡുപ്പിയിലും ഇവർ സുഭദ്രയുടെ സ്വർണം പണയം വെച്ചതായി അന്വേഷണസംഘം കണ്ടെത്തി. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ഇവർ കവർന്നെങ്കിലും കൊലയ്ക്ക് പിന്നിലെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് വായോധികയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കലവൂരില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് താമസിച്ചിരുന്ന മാത്യൂസ് ഭാര്യ ശര്‍മിള എന്നിവരെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരുവരും ഒളിവിലാണ്. സുഭദ്രക്ക് ഇവരുമായി അടുപ്പമുണ്ടായിരുന്നു. ഈ വീട്ടിൽ സുഭദ്ര താമസിച്ചിരുന്നെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ കഡാവർ നായയെ കൊണ്ട് പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ കുഴി തുറന്ന് പരിശോധിച്ചത്. സുഭദ്രയുടെ സ്വർണം മാത്യൂസും ശര്‍മിളയും കൈക്കലാക്കിയിരുന്നെന്നും അതേകുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News