കല്ലാംകുഴി കോടതി വിധി: കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള താക്കീത് - കേരള മുസ്ലിം ജമാഅത്ത്
കല്ലാംകുഴി ഇരട്ടകൊലക്കേസിൽ 25 പേർ ശിക്ഷിക്കപ്പെട്ടിട്ടും ഒരാളെപ്പോലും പാർട്ടിയിൽനിന്ന് പുറത്താക്കാൻ മുസ്‌ലിം ലീഗ് സന്നദ്ധമായിട്ടില്ല എന്നത് ഗൗരവമായ സംഗതിയാണ്. നിരന്തരമായി അക്രമിക്കപ്പെട്ടിട്ടും സുന്നി പ്രവർത്തകർ ക്ഷമ പാലിച്ചത് മതബോധം കൊണ്ടും നീതി പുലരും എന്ന പ്രതീക്ഷ ഉള്ളതുകൊണ്ടുമാണ്.
കോഴിക്കോട്: കല്ലാംകുഴിയിലെ രണ്ടു സുന്നി പ്രവർത്തകരുടെ കൊലപാതകക്കേസിൽ പാലക്കാട് ജില്ലാ ജുഡീഷ്യൽ ഫസ്റ്റ് ട്രാക്ക് 1 കോടതിവിധിയെ കേരള മുസ്ലിം ജമാഅത്ത് സ്വാഗതം ചെയ്തു. പ്രദേശത്ത് സുന്നിസംഘടനയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച രണ്ടുപേരെയാണ് മുസ്‌ലിം രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ അതിക്രൂരമായി കൊന്നുകളഞ്ഞത്. വിയോജിക്കുന്നവരുടെ ജീവനെടുക്കുന്ന ഫാഷിസ്റ്റ് നിലപാടാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. പ്രതികളെ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഒത്താശ ചെയ്ത സമുദായ പാർട്ടി ഇനിയെങ്കിലും തെറ്റ് തിരുത്താൻ തയ്യാറാവണം. സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്നവർക്ക് യോജിച്ചതല്ല കൊലപാതക രാഷ്ട്രീയം. കല്ലാംകുഴി ഇരട്ടകൊലക്കേസിൽ 25 പേർ ശിക്ഷിക്കപ്പെട്ടിട്ടും ഒരാളെപ്പോലും അക്കാരണത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മുസ്‌ലിം ലീഗ് സന്നദ്ധമായിട്ടില്ല എന്നത് ഗൗരവമായ സംഗതിയാണ്. നിരന്തരമായി അക്രമിക്കപ്പെട്ടിട്ടും സുന്നി പ്രവർത്തകർ ക്ഷമ പാലിച്ചത് മതബോധം കൊണ്ടും നീതി പുലരും എന്ന പ്രതീക്ഷ ഉള്ളതുകൊണ്ടുമാണ്. മുസ്ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, പ്രൊഫ. യു സി അബ്ദുൽ മജീദ്, സൈഫുദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.