കലോത്സവ സ്വാ​ഗത​ഗാനം: സർക്കാർ മതഭീകരവാദികൾക്കൊപ്പം- കെ. സുരേന്ദ്രൻ

'കേരളം കമ്മ്യൂണിസ്റ്റ്- താലിബാനിസത്തിലേക്ക് വളരെ വേ​ഗം അടുത്തുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് റിയാസ് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പാക്കുകയാണ്'

Update: 2023-01-10 15:16 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗത​ഗാനം അവതരിപ്പിച്ച കലാസംഘത്തിനെ വിലക്കാനുള്ള സർക്കാർ തീരുമാനം മതഭീകരവാദികൾക്ക് മുമ്പിൽ കീഴടങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ സൈന്യത്തിന്റെ ത്യാഗപൂർണമായ പോരാട്ടം കലോത്സവത്തിൽ അവതരിപ്പിച്ചത് ശരിയായില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാടെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.

''ഈ സർക്കാർ മതഭീകരവാദികൾക്കൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോഴിക്കോട്ടുകാരുടെ അഭിമാനമായ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള വിക്രം മൈതാനത്ത് നടന്ന കലോത്സവത്തിൽ സൈന്യത്തെ അനുസ്മരിച്ചത് തെറ്റാണെന്നാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും ശിവൻകുട്ടിയും പറയുന്നത്. ഇത് പച്ചയായ ദേശവിരുദ്ധ സമീപനമാണ്''- സുരേന്ദ്രൻ പറഞ്ഞു.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ ഒരു സംഘം കലാകാരൻമാരെ വിലക്കുകയാണ്. എന്നാൽ നിർഭാ​ഗ്യവശാൽ ഇതിനെ ചോദ്യം ചെയ്യാൻ സാഹിത്യകാരൻമാരും ബുദ്ധിജീവികളും തയ്യാറാകുന്നില്ല. കേരളം കമ്മ്യൂണിസ്റ്റ്- താലിബാനിസത്തിലേക്ക് വളരെ വേ​ഗം അടുത്തുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് റിയാസ് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പാക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷം അവരുടെ ശബ്ദമായി മാറുകയാണ് സിപിഎം ചെയ്യുന്നത്. സ്വാ​ഗത​ഗാനം ഒരുക്കിയത് ഇടതുപക്ഷ പ്രവർത്തകരായിട്ടും അതും സംഘപരിവാറിന്റെ തലയിലിട്ട് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News