ജനനേതാവിൻ്റെ വേർപാടിൽ വിതുമ്പി നാട്; കാനം നാട്ടിലില്ലെങ്കിലും ഗേറ്റ് പൂട്ടാത്ത വീട്
വിയോഗ വാർത്ത അറിഞ്ഞതു മുതൽ കൊച്ച് കളപ്പുരയിടത്തിൽ വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തുന്നത്.
കോട്ടയം: കോട്ടയത്തെ കാനം എന്ന ചെറുഗ്രാമത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ എഴുതിചേർത്താണ് കാനം രാജേന്ദ്രൻ മടങ്ങുന്നത്. ജനനേതാവിൻ്റെ വേർപാടിൽ വിതുമ്പുകയാണ് നാട്. വിയോഗ വാർത്ത അറിഞ്ഞതു മുതൽ കൊച്ച് കളപ്പുരയിടത്തിൽ വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തുന്നത്.
എല്ലാവർക്കും പങ്കുവയ്ക്കാനുള്ളത് സ്നേഹമുള്ള ഓർമകൾ മാത്രം. തങ്ങൾക്ക് വലിയൊരു നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് നാട്ടുകാർ പറയുന്നു. ഒമ്പതു വർഷക്കാലത്തെ എം.എൽ.എ സ്ഥാനം മാത്രമല്ല വിദ്യാർഥി യുവജന ട്രേഡ് യൂണിയൻ മേഖലയിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്.
നാട്ടിൽ റോഡ് വന്നതും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതും ഇന്ത്യ പ്രസിൻ്റെ പ്രവർത്തനം തുടങ്ങിയതും എല്ലാം കാനത്തിൻ്റെ ഇടപെടലിലൂടെയായിരുന്നു.
സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. നാട്ടിൽ ഇല്ലെങ്കിലും കാനത്തിൻ്റെ വീടിൻ്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു. ആളുകൾക്ക് ഏതു സമയത്തും കടന്നുവരുന്നതിനു വേണ്ടിയായിരുന്നു ആ കരുതൽ.