കണ്ടല ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗന് നെഞ്ചുവേദന; ആശുപത്രിയിലേക്ക് മാറ്റി

എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഭാസുരാംഗനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

Update: 2023-11-25 10:36 GMT
Advertising

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ് പ്രതി എൻ ഭാസുരാംഗന്റെ വീട്ടിൽ ഇ.ഡി പരിശോധന. വീട് സീൽ ചെയ്താണ് പരിശോധന. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. കണ്ടല സഹകരണ ബാങ്ക് ജീവനക്കാരും ഭാസുരാംഗന്റെ വീട്ടിലെത്തി. ഇവരെ ചോദ്യം ചെയ്യും. അതേസമയം റിമാന്റിൽ കഴിയുന്ന ഭാസുരാംഗനെ നഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഭാസുരാംഗനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇനി ഹൃദ്രോഗ വിദഗ്ധൻ പരിശോധിക്കും. ഭാസുരാംഗൻ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതേസമയം കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) പറഞ്ഞു. ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ എൻ. ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി ചൂണ്ടിക്കാട്ടി.


Full View

തട്ടിപ്പിൽ ലഭിച്ച പണം എന്തുചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽനിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി പറയുന്നു. ഈ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ ലഭിച്ചിട്ട് കാര്യമില്ല. നിലവിൽ ലഭിച്ച രേഖകളും പ്രതികൾ നൽകിയ മൊഴികളും പരിശോധിക്കണം. ഇവ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ അതിനുശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നും ഇ.ഡി പറഞ്ഞു. 15 ദിവസത്തിനകം കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നാണ് ഇ.ഡി അറിയിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News