കണ്ടല കള്ളപ്പണ ഇടപാട്: ഭാസുരാംഗനും മകനും ഇ.ഡി കസ്റ്റഡിയിൽ
പ്രതികൾ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചു
കൊച്ചി: കണ്ടല കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു. കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. പ്രതികൾ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചു.
കണ്ടല ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 200 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കൂടുതൽ അന്വേഷണം നടക്കുന്നതോടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
ഭാസുരാംഗനെയും മകനെയും കഴിഞ്ഞ ദിവസമാണ് ഇഡി അറസ്റ്റ് ചെയ്തത്. മൂന്ന് പതിറ്റാണ്ടോളം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗൻ. ഇദ്ദേഹം പ്രസിഡന്റായ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് ഇ.ഡി പറയുന്നത്. നേരത്തെ 101 കോടി രൂപയുടെ തട്ടിപ്പെന്നാണ് ഇ.ഡി പറഞ്ഞിരുന്നത്.