ഇ.ഡി പരിശോധനകൾക്കിടെ കണ്ടല ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍
ഇന്നലെ രാവിലെ ആറ് മണിക്ക് തുടങ്ങിയ ഇ.ഡി നടപടികൾ 24 മണിക്കൂർ പിന്നിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും സി.പി.ഐ നേതാവുമായ ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.ഡി നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആദ്യം കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിനിടെ ഇന്നലെ രാവിലെ ആറ് മണിക്ക് തുടങ്ങിയ ഇ.ഡി നടപടികൾ 24 മണിക്കൂർ പിന്നിട്ടു. ഭാസുരാംഗന്‍റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലുമുള്ള പരിശോധന തുടരുകയാണ്. ബാക്കി ഏഴിടങ്ങളിലെ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയായാൽ മാത്രമേ ഭാസുരാംഗനെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
101 കോടിയുടെ തട്ടിപ്പ് കണ്ടല ബാങ്കിൽ നടന്നുവെന്നാണ് സഹകരണ രജിസ്ട്രാർ കണ്ടെത്തിയത്. ഗുരുതര വീഴ്ചകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഇ.ഡി വിലയിരുത്തൽ. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും ആരോപണമുണ്ട്.