കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്
അഞ്ചേമുക്കാൽ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്
പാലക്കാട്: സി.പി.എം ഭരിക്കുന്ന പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. അഞ്ചേമുക്കാൽ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കെട്ടിട നിർമാണത്തിൽ ഉൾപ്പെടെ ക്രമക്കേട് നടന്നതായും കണ്ടെത്തി.
സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി വാങ്ങിയ അഞ്ചു കോടിയിലധികം രൂപ കെട്ടിട നിർമാണത്തിന് ഉപയോഗിച്ചെന്നും ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയില്ലാതെ ഒരു കോടിയിലധികം രൂപ കെട്ടിട നിർമാണത്തിന് മുൻകൂറായി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സ്ഥിരനിക്ഷേപം വക മാറ്റി. സെക്രട്ടറിയും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിൽ പറയുന്നു.
കണ്ണമ്പ്ര റൈസ് പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ ബാങ്കിനു കൂടി പങ്കാളിത്തം ഉണ്ടായിരുന്ന പാപ് കോസ് വഴി നടത്തിയ കോടികളുടെ അഴിമതി നേരത്തെ പുറത്തു വന്നിരുന്നു. അന്ന് പ്രതിഷേധം ശക്തമായതോടെ സി.പി.എം അന്വേഷണ കമ്മീഷനെ വെയ്ക്കുകയും സെക്രട്ടറി ആർ സുരേന്ദ്രനെ സി.പി.എമ്മിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കൂടാതെ സുരേന്ദ്രന്റെ ബന്ധുവായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ സെക്രട്ടറിക്ക് മാത്രമല്ല ഭരണ സമിതിക്ക് മുഴുവൻ ക്രമക്കേടിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.